തിരുവനന്തപുരം: മെസ്സി വിവാദത്തിൽ റിപ്പോർട്ടർ ടിവിയുടെ അവകാശവാദം തള്ളി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തനിക്ക് ഔദ്യോഗികമായി എഎഫ്എയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെസ്സി വിവാദത്തിൽ അന്വേഷണം നടക്കട്ടെ എന്നും നടപടികളിൽ വീഴ്ചയില്ലെന്നാണ് മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
‘ബാക്കി കാര്യങ്ങൾ അന്നത്തെ മന്ത്രി തന്നെ വിശദീകരിക്കും. നിലവിലെ വിവാദങ്ങൾ ഇപ്പോഴത്തെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമങ്ങളാണെന്ന് സംശയം ഇക്കാര്യത്തിലുണ്ട്. മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ മാത്രമേ എനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. അതേസമയം മെസ്സി വന്നാൽ സ്റ്റേഡിയം കൈമാറാൻ തീരുമാനിച്ചിരുന്നു. നമ്മുടെ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ളതാണെങ്കിലും ചില അറ്റകുറ്റ പണികൾ നടത്തേണ്ടതുണ്ടായിരുന്നു. അതിനുവേണ്ട ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചു എന്നത് ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ സ്‌പെയിനിലേക്ക് പോകാൻ മന്ത്രിക്ക് കരാർ വേണ്ടെന്നും അന്വേഷണം തങ്ങളെ ഒരു രീതിയിലും ബാധിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്റെ കടബാധ്യത സർക്കാർ എറ്റെടുക്കണമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീണ്ടകരയിലെ ഗൗതമിന്റെ സഹോദരനും രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ ഭാര്യയ്ക്കും ജോലി ഉറപ്പാക്കണം. സർക്കാരിന്റെ ദുരിതാശ്വാസ- പുനരിധിവാസ നടപടികൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും വിമർശനമുണ്ട്. ക്യാമ്പുകളിൽ വേണ്ടത്ര സൗകര്യവും ഒരുക്കിയിരുന്നില്ല. എന്തുകൊണ്ടാണ് വലിയ അബദ്ധങ്ങൾ ഉണ്ടായതെന് പരിശോധിക്കണം. കൂടാതെ റവന്യു വകുപ്പിനെതിരെ വിമർശനം ഉയർന്നു. മത്സ്യത്തൊഴിലാളികൾക്ക് മുന്നിയിപ്പ് നൽകിയില്ല. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.





