ഇടുക്കി: ബിഹാറിൽ നിന്ന് അവധിക്ക് നാട്ടിലെത്തി കഞ്ചാവ് കച്ചവടം നടത്തിയ അധ്യാപകൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി കടുവാകുഴിയിൽ റോബിൻ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുംകണ്ടം എക്സൈസ് സംഘം പിടികൂടിയത്. ബിഹാറിൽ അധ്യാപകനായി ജോലി ചെയ്യുന്ന റോബിൻ അവിടെ നിന്ന് കഞ്ചാവുമായി നാട്ടിലെത്തി കച്ചവടം നടത്തുകയായിരുന്നു. കച്ചവടം നടത്തിയ പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ അച്ഛനേയും മകനേയും പിടികൂടിയിട്ടുണ്ട്.
മുൻപ് രാജാക്കാട് മുക്കുടി സ്വദേശി പുത്തൻപറമ്പിൽ ബിജു, ഇയാളുടെ മകൻ അലൻ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ്സ്റ്റാൻഡ് പരിസരത്തു നിന്ന് എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് റോബിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബിഹാറിലെ ഇയാളുടെ ബന്ധു നടത്തുന്ന എൽപി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് റോബിൻ റെജി. അവിടെ സുലഭമായി ലഭിക്കുന്ന കഞ്ചാവാണ് അവധിക്ക് വരുമ്പോൾ നാട്ടിലേക്ക് എത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നു. ഇയാളുടെ മൊബൈലിൽ നിന്ന് അവിടുത്തെ കഞ്ചാവ് തോട്ടങ്ങളുടേയും ചെടികളുടേയും ഫോട്ടോകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.






