കോഴിക്കോട്: ‘എ ഫോർ ആപ്പിൾ’ എന്ന് കുട്ടികളെ പഠിപ്പിക്കുന്നത് തെറ്റാണെന്നും ‘എ ഫോർ അമ്രൂദ് (പേരയ്ക്ക)’ പഠിപ്പിക്കണമെന്നും സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് പൂക്കി ബാബ എന്ന അനിരുദ്ധചാര്യ. ഈ ആപ്പിൾ ഒരു വിദേശ പഴമാണ്. എന്നാൽ അമ്രൂദ് ‘ഭാരത’ത്തിലെ പഴവർഗമാണ്. ഇന്ത്യയിലെ ഏത് വീടിന് മുന്നിലും പേരയ്ക്ക വളർത്താമെന്നും പൂക്കി ബാബ എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. അതുപോലെ ഭാരതത്തെ വികസിത രാജ്യമാക്കാൻ നമ്മുടെ പാഠപുസ്തകങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവരണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
എ ഫോർ ആപ്പിൾ എന്ന് പഠിക്കുന്നത് കൊണ്ടാണ് പലർക്കും ആപ്പിൾ കഴിക്കാൻ തോന്നുന്നത്. ഇതിലൂടെ വിദേശ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയാണ് നമ്മുടെ നാട്ടിൽ വളരുക. എ ഫോർ അമ്രൂദ് എന്ന് പഠിക്കുകയാണെങ്കിൽ അത് ഇന്ത്യയിലെ കർഷകർക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ നേട്ടമാകുമെന്നും പൂക്കി ബാബ പറഞ്ഞു. സംഭവം വൈറലായതോടെ പൂക്കി ബാബക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു. ഇതുപോലുള്ളവരെയാണ് ‘അന്ധഭക്തർ’ എന്ന് വിളിക്കുന്നതെന്ന് എക്‌സിൽ ചിലർ കുറിച്ചു, ഇങ്ങനെ പോയാൽ ഇനി എന്തെല്ലാം ഒഴിവാക്കേണ്ടി വരുമെന്നും ചിലർ ചോദ്യമുയർത്തി.
നേരത്തെ രാമ- രാവണ യുദ്ധത്തിന് ശേഷം ആയുധങ്ങൾ സൂക്ഷിക്കാൻ കണ്ടെത്തിയ സ്ഥലമാണ് ഓസ്ട്രേലിയയെന്നും പൂക്കി ബാബ പറഞ്ഞിരുന്നു. യുദ്ധത്തെ തുടർന്ന് ലങ്കയിൽ അവശേഷിച്ച ആയുധങ്ങൾ സാധാരണക്കാരുടെ കൈവശം എത്താതിരിക്കാൻ വേണ്ടിയാണ് ഓസ്ട്രേലിയ എന്ന ദ്വീപ് കണ്ടെത്തിയതെന്നായിരുന്നു ഇയാളുടെ വാദം. പിന്നാലെ ഇതിനെതിരെ രൂക്ഷവിമർശനവും പരിഹാസം നേരിടേണ്ടി വന്നിരുന്നു.






