ചണ്ഡീഗഢ്: ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യയിലേക്ക് ചുവടുവെച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
ജിന്ദിനും സോനിപത്തിനുമിടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ തീവണ്ടി പരിസ്ഥിതി സൗഹൃദ യാത്രയ്ക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് തീവണ്ടിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ശുദ്ധമായ ഊർജ ഉപയോഗവും സാധ്യമാകും.
ഒറ്റയാത്രയിൽ ഏകദേശം 2,600 പേർക്ക് സഞ്ചരിക്കാനാകുന്ന തീവണ്ടിയിൽ 3,200 എച്ച്.പി. ശേഷിയുള്ള പ്രൊപ്പൽഷൻ സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് സർവീസ് നടത്തുക. എന്നാൽ പരമാവധി 110 കിലോമീറ്റർ വേഗം കൈവരിക്കാൻ തീവണ്ടിക്ക് കഴിയും.
ജിന്ദിൽ ഹൈഡ്രജൻ ഉത്പാദനത്തിനും റീഫ്യൂവലിംഗിനുമായി പ്രത്യേക പ്ലാന്റും ഒരുക്കിയിട്ടുണ്ട്. കംപ്രസ് ചെയ്ത ഹൈഡ്രജൻ വാതകം സംഭരിക്കാനും വിതരണം ചെയ്യാനും ആവശ്യമായ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ജിന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
വാണിജ്യാടിസ്ഥാനത്തിൽ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ ജർമനിക്കുശേഷം ഫ്രാൻസ്, ജപ്പാൻ, ചൈന, അമേരിക്ക എന്നിവയ്ക്കൊപ്പം ഇന്ത്യയും ഇടംപിടിക്കുകയാണ്. മറ്റു രാജ്യങ്ങളിൽ രണ്ടുമുതൽ നാലുവരെയുള്ള കോച്ചുകളാണ് സാധാരണയായി ഉപയോഗിക്കുന്നതെങ്കിൽ, കൂടുതൽ ശേഷിയുള്ള തദ്ദേശീയ ഹൈഡ്രജൻ തീവണ്ടിയാണ് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്.

















































