ജമ്മു: ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു. ചീക്ക ഗ്രാമവാസിയായ ആരിഫ് ഹുസൈൻ (30) ആണ് മരിച്ചത്. മൂന്ന് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11.30-ഓടെ ഭദെർവ പട്ടണത്തിന് സമീപം ജയ്-ഗന്ദോ റോഡിലാണ് സംഭവം. പ്രദേശത്ത് ഭീകരരുടെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്ന സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) സംഘം ആരിഫിനെ തടഞ്ഞുനിർത്തുകയായിരുന്നു. ഈ സമയത്ത് ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെയുണ്ടായ പിടിവലിക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ആരിഫ് ഹുസൈനെയും മൂന്ന് പോലീസുകാരെയും ആദ്യം ഭദെർവയിലെ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ദോഡയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരിഫ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സംഭവത്തെത്തുടർന്ന്, ഭദെർവ പട്ടണത്തിൽ സി.ആർ.പി.എഫിനെയും ജമ്മു കാശ്മീർ പോലീസിനെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ജയ് മേഖലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

















































