തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ സിനിമാ സ്റ്റൈലിൽ ആളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉൾപ്പെടെ അഞ്ച് പ്രതികളെയാണ് പൊലീസ് തിരയുന്നത്.
അനിൽ കുമാർ എന്നയാളെ തട്ടിക്കൊണ്ടുപോയി നിർമ്മാണം നടക്കുന്ന വീട്ടിലെ സൗണ്ട് പ്രൂഫ് മുറിയിൽ തടങ്കലിലാക്കി മർദിക്കുകയായിരുന്നു. ചങ്ങല കൊണ്ട് ബന്ധിച്ച ശേഷമാണ് പ്രതികൾ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് അറിയിച്ചു.
അനിൽ കുമാറിന്റെ മകൻ അച്ചുവിനെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിച്ചു. തുടർന്ന് ഭാര്യയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇടപെട്ടത്.
അനിൽ കുമാറിന്റെ മകളെ വിവാഹം കഴിച്ചുനൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ അനിൽ കുമാറിന്റെ കൈ ഒടിഞ്ഞു. പ്ലയർ ഉപയോഗിച്ച് മകൻ അച്ചുവിന്റെ വിരലുകളിലും പ്രതികൾക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.


















































