ചിറ്റൂർ: ആന്ധ്രപ്രദേശില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ സൂളഗിരി സ്വദേശിയായ രമേഷ് (23) ആണ് കൊല്ലപ്പെട്ടത്. പോലീസ് റിപ്പോർട്ടുകളനുസരിച്ച് രണ്ട് വർഷം മുമ്പാണ് രമേഷ് ശാന്തിപുരം സ്വദേശിനിയായ 19 വയസ്സുകാരി ഹാസിനിയെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്. ഹൊസൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന രമേഷിന്റെ വിവാഹജീവിതത്തിൽ പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ, ഹാസിനി തന്റെ ബാല്യകാല സുഹൃത്തായ യുഗന്ധർ (20) എന്നയാളുമായി പ്രണയത്തിലായിരുന്നതായി പോലീസ് പറയുന്നു. ഇരുവരും ചേർന്നാണ് രമേഷിനെ വകവരുത്താൻ തീരുമാനിച്ചത്. ചൊവ്വാഴ്ച ഗുഡുപള്ളെ മണ്ഡലിലെ മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വരസ്വാമി ക്ഷേത്രം സന്ദർശിക്കാൻ എന്നുപറഞ്ഞാണ് ഹാസിനി രമേഷിനെ കൃത്യം നടന്ന സ്ഥലത്ത് എത്തിച്ചത്. ‘രമേഷിനെ നിർബന്ധിച്ചാണ് ഹാസിനി ക്ഷേത്രത്തിലേക്ക് പോകാൻ സമ്മതിപ്പിച്ചത്. യാത്രയ്ക്കിടയിൽ ഹാസിനി തന്റെ ഫോണിലൂടെ യുഗന്ധറിന് നിരന്തരം ലൈവ് ലൊക്കേഷൻ പങ്കുവെച്ചിരുന്നു’, പോലീസ് പറഞ്ഞു. ഹിൽ റോഡിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപംവെച്ചാണ് പ്രതികൾ കൃത്യം നടപ്പിലാക്കിയത്. സംഭവസ്ഥലത്തെത്തിയപ്പോൾ ഹാസിനി മനഃപൂർവം തന്റെ ഹാൻഡ്ബാഗ് താഴെയിട്ടു.
ഇത് എടുക്കാനായി രമേഷ് മോട്ടോർസൈക്കിൾ നിർത്തിയപ്പോൾ, ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും രമേഷിനെ പിന്തുടർന്ന് വനത്തിനുള്ളിലേക്ക് ഓടിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നതെന്നും പോലീസ് പറയുന്നു. സമയം ഏറെയായിട്ടും മകളും കുടുംബവും തിരികെ എത്താതായതോടെ ഹാസിനിയുടെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് കുറ്റകൃത്യം പുറത്തറിഞ്ഞത്.


















































