തിരുവനന്തപുരം: വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തന്ത്രപൂർവം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വടശ്ശേരിക്കോണം സ്വദേശികളായ അനിൽ കുമാർ (53), മകൻ അച്ചു (20) എന്നിവരാണ് ആക്രമണത്തിനിരയായത്.
ഇരുവരെയും നഗരൂരിലെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തുള്ള പണിതീരാത്ത വീട്ടിലെത്തിച്ച് തടങ്കലിലാക്കി ക്രൂരമായി മർദിച്ച ശേഷമാണ് ഉപേക്ഷിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവസ്ഥലം പരിശോധിച്ച അന്വേഷണസംഘം നിർണായക വിവരങ്ങളും കണ്ടെത്തി. കാടുപിടിച്ച ഒറ്റപ്പെട്ട പ്രദേശത്തുള്ള പണിതീരാത്ത വീടിനുള്ളിലെ ഒരു മുറി ഗ്ലാസ് ഉപയോഗിച്ച് സ്റ്റുഡിയോ മാതൃകയിൽ സൗണ്ട് പ്രൂഫ് ചെയ്ത നിലയിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അകത്തുനിന്ന് എത്ര ഉച്ചത്തിൽ നിലവിളിച്ചാലും പുറത്തേക്ക് ശബ്ദം കേൾക്കാത്ത രീതിയിലായിരുന്നു മുറി സജ്ജീകരിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ പ്രതികളെയും ആക്രമണത്തിന്റെ ലക്ഷ്യവും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.


















































