ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജൂലൈ 16-ന് രാത്രി 8 മണിക്ക് സർവീസ് നടത്താനിരുന്ന ഇൻഡിഗോയുടെ 6E-6423 വിമാനത്തിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് രാത്രി 7.35ഓടെ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് ജീവനക്കാർക്ക് കൈയെഴുത്തിലുള്ള ഒരു കുറിപ്പ് ലഭിക്കുകയായിരുന്നു. “ദയവായി പോകരുത്… ബോംബുണ്ട്” എന്നായിരുന്നു അതിലെ സന്ദേശം.
വിവരം ലഭിച്ചതോടെ വിമാന ജീവനക്കാർ സുരക്ഷാ ഏജൻസികളെ ഉടൻ അറിയിച്ചു. തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയ ശേഷം ബോംബ് സ്ക്വാഡും മറ്റ് സുരക്ഷാ വിഭാഗങ്ങളും വിമാനത്തിൽ സമഗ്ര പരിശോധന നടത്തി.
എന്നാൽ പരിശോധനയിൽ സ്ഫോടക വസ്തുക്കളോ സംശയാസ്പദമായ മറ്റേതെങ്കിലും വസ്തുക്കളോ കണ്ടെത്താനായില്ല. ഇതോടെ ഭീഷണി സന്ദേശം വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് വിമാന സർവീസ് വൈകുകയും യാത്രക്കാരിൽ ആശങ്കയുണ്ടാകുകയും ചെയ്തതായി ഇൻഡിഗോ അധികൃതർ പോലീസിനെ അറിയിച്ചു. ഭീഷണിക്ക് പിന്നിലുള്ള ആളെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമാനക്കമ്പനി പരാതി നൽകിയിട്ടുണ്ട്.
ഇൻഡിഗോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.


















































