മുംബൈ: വാർധ ജില്ലയിലെ ഗ്രാമത്തിൽ പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. കൃത്യം നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ല് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിനു മുൻപ് പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാൾ പറഞ്ഞു. മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.
കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും, പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് അജ്ഞാതർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ആദ്യം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പെൺകുട്ടിയുടെ വീടിനു തൊട്ടടുത്തുള്ള കൃഷിയിടത്തിൽ ജോലി ചെയ്യുന്ന രാഹുൽ രാജു മഡാവി (30) എന്ന തൊഴിലാളിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിനായി 14 പ്രത്യേക പൊലീസ് സംഘങ്ങളെയും ഒരു പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയർ പറഞ്ഞു. പൊലീസ് അടിയന്തരമായി കേസെടുത്ത് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.


















































