ലഖ്നൗ: വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഭര്‍ത്താവിന്‍റെ വീട്ടിൽ പരിശോധന നടത്തി ഭാര്യ.
കട്ടിലിനടിയിൽ നിന്ന് പങ്കാളിയുടെ രഹസ്യ ഭാര്യയെ കണ്ടെത്തിയതോടെ വന്‍ പ്രശ്നങ്ങൾക്ക് വഴിവച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് സംഭവം. സിറ്റി കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശ നഗർ പ്രദേശത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. പ്രശാന്ത് ശർമയും ദിഷ ശർമയും വിവാഹിതരായിട്ട് ഏകദേശം ഏഴ് വർഷമായി, ഇരുവര്‍ക്കും മകളുണ്ട്. കഴിഞ്ഞ നാല് വർഷമായി ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്.
ഇവരുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. വിവാഹമോചനക്കേസിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടെയാണ് പ്രശാന്ത് വേറെ വിവാഹം കഴിച്ചതായി ദിയ അറിയുന്നത്. ശനിയാഴ്ച വൈകിട്ട് ഭര്‍തൃവീട്ടിലെത്തിയെങ്കിലും ആരെയും കണ്ടില്ല. അയൽവാസികളുമായി സംസാരിച്ചപ്പോൾ പ്രശാന്ത് രണ്ടാമത് വിവാഹം കഴിച്ചുവെന്നാണ് അറിഞ്ഞത്. അന്നേ ദിവസം രാത്രി ഒരു അയൽവാസിയുടെ വീട്ടിൽ തങ്ങിയ ദിയ പിറ്റേന്ന് ഉച്ച കഴിഞ്ഞ് വീണ്ടും ഭര്‍തൃവീട്ടിലെത്തി.
ടെറസിലൂടെ വീട്ടിൽ കയറി ഒരു മുറിയിൽ കയറിയപ്പോൾ കട്ടിലിനടിയിൽ ഒരു സ്ത്രീ ഒളിച്ചിരിക്കുന്നതായി കണ്ടു. തുടർന്ന് ദിഷ സ്ത്രീയെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഈ സമയം വീടിന് പുറത്ത് വലിയൊരു ജനക്കൂട്ടം തന്നെ തടിച്ചുകൂടിയിരുന്നു.


















































