മുംബൈ: മുൻ ശിവസേന (യുബിടി) എംപി വിനായക് റാവത്ത്, ഭാര്യ, മകൻ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരുമകൾ രംഗത്ത്. വിനായകിന്റെ മരുമകളായ ഗിരിജ റാവത്ത് നൽകിയ പരാതിയിൽ ശാരീരിക, മാനസിക, സാമ്പത്തിക പീഡനത്തിനൊപ്പം ബ്ലാക്ക് മാജിക് ഉൾപ്പെടെയുള്ള അഘോരി രീതികളിൽ നിർബന്ധിച്ചുവെന്നാണ് ആരോപണം. കൂടാതെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണം അമാനുഷിക ശക്തിയെന്നു പറഞ്ഞ് മുൻ എംപി കൂടിയായ അമ്മായിയച്ഛൻ തന്നെക്കൊണ്ട് പശുവിന്റെ മൂത്രം നിർബന്ധിച്ച് കുടിപ്പിച്ചുവെന്നും നിരന്തരം മന്ത്രവാദികളെ കാണേണ്ടി വന്നുവെന്നുമാണ് മരുമകൾ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയിൽ ജൂൺ 10നാണ് കപൂർബാവ്ഡി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരവും മഹാരാഷ്ട്ര മനുഷ്യബലി നിരോധനവും അഘോരി/ദുഷ്പ്രവർത്തനങ്ങൾ തടയാനുള്ള നിയമപ്രകാരം കേസെടുത്തു. ഗിരിജ റാവത്ത് (38) വിനായക് റാവത്തിന്റെ മകൻ ജിതേഷ് (ഗിതേഷ്) റാവത്തിന്റെ ഭാര്യയാണ്.
2017 ഡിസംബർ 3നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് മുമ്പ് ജിതേഷിന് വാക്കോളയിൽ ഫ്ലാറ്റും ബംഗ്ലാവും ഉൾപ്പെടെ നിരവധി സ്വത്തുക്കൾ ഉണ്ടെന്ന് കുടുംബം തെറ്റിദ്ധരിപ്പിച്ചതായി ഗിരിജ ആരോപിക്കുന്നു. എന്നാൽ വിവാഹത്തിന് ശേഷം അവളെ വാക്കോളയിലെ ഒരു സ്ലം പ്രദേശത്തെ വീട്ടിലേക്കാണ് കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു.
ഇത് ചോദ്യം ചെയ്ത മാതാപിതാക്കളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഗിരിജ പറയുന്നു. തുടർന്ന് ജോലി ഉപേക്ഷിപ്പിച്ച് ഭർത്താവിന്റെ ട്രാൻസ്പോർട്ട് ബിസിനസിൽ ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നും യുവതി ആരോപിച്ചു. കൂടാതെ ഇന്ത്യയിലും വിദേശത്തും നോർവേ, ദുബായ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രകളിനിടെ പലവട്ടം അപമാനിക്കുകയും മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു, 2018 മുതൽ 2022 വരെ സിന്ദുദുർഗ്, രത്നഗിരി മേഖലകളിലെ സ്വയം പ്രഖ്യാപിത ഗുരുക്കന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി ബ്ലാക്ക് മാജിക് ചടങ്ങുകളിൽ പങ്കെടുക്കാൻ നിർബന്ധിച്ചുവെന്നും, പശുവിന്റെ മൂത്രം കുടിക്കാൻ നിർബന്ധിച്ചുവെന്നും പൂജ ചെയ്യാനായി തലയിലെ മുടി പിഴുതെടുത്തുവെന്നും ഗിരിജ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ എല്ലാ ആരോപണങ്ങളും വിനായക് റാവത്ത് നിഷേധിച്ചു. വിവാഹമോചന കേസുമായി ബന്ധപ്പെട്ട വ്യാജ പരാതിയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. മധ്യസ്ഥ ചർച്ചകളിൽ ഗിരിജ 5 കോടി, 3 ബെഡ്റൂം ഫ്ലാറ്റ്, ഒരു കാർ, പ്രതിമാസം ₹2 ലക്ഷം പരിപാലനച്ചെലവ് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈ കേസിനി കോടതിയിൽ ഞങ്ങൾ മറുപടി നൽകുമെന്നും വിനായക് റാവത്ത് പറഞ്ഞു.

















































