തൂത്തുക്കുടി: ഭാര്യ മറ്റൊരാളോടൊപ്പം പോയതിനെത്തുടർന്നുണ്ടായ മാനസിക സംഘർഷത്തിനൊടുവിൽ തമിഴ്നാട്ടിൽ പിതാവ് രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തൂത്തുക്കുടി ജില്ലയിലെ പുതുക്കോട്ടൈയ്ക്ക് സമീപമുള്ള സാവേരിയർപുരത്താണ് ദാരുണ സംഭവം. ലോറി ഡ്രൈവറായ മേരി മൈക്കിൾ (40), മകൾ മേരി നിരോഷ (14), മകൻ മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്. മേരി നിരോഷ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും കെനിസ്റ്റൺ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു.
ആറ് മാസം മുൻപാണ് മൈക്കിളിന്റെ ഭാര്യ ഇദ്ദേഹത്തെ വിട്ട് മറ്റൊരാളോടൊപ്പം പോയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ കടുത്ത മാനസിക പ്രയാസത്തിലായിരുന്ന മൈക്കിൾ സ്ഥിരമായി ജോലിക്ക് പോകാതിരിക്കുകയും ഇടയ്ക്കിടെ പെയിന്റിംഗ് ജോലികൾ ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
വെള്ളിയാഴ്ച രാത്രി മക്കൾക്ക് ഭക്ഷണം വാങ്ങിനൽകിയ ശേഷം ഉറങ്ങാൻ പറഞ്ഞ മൈക്കിൾ, പിന്നീട് ഇരുവരെയും വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അതേ വൈദ്യുത സംവിധാനമുപയോഗിച്ച് മൈക്കിളും ജീവനൊടുക്കി.
സംഭവസമയത്ത് മൈക്കിളിന്റെ 75 വയസ്സുള്ള പിതാവ് ആന്റണി മുത്തു വീടിന് പുറത്തായിരുന്നു ഉറങ്ങിയിരുന്നത്. ശനിയാഴ്ച ഉച്ചവരെ മുറി തുറക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.



















































