കരൂർ: ക്ലാസ് സമയത്ത് വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ പരിപാടി ലൈവ് സ്ട്രീം ചെയ്ത സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് തമിഴ്നാട് സർക്കാർ. കരൂരിലെ ഒരു പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ ഹെഡ്മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ വിദ്യാർത്ഥികൾ യൂണിഫോമിട്ട് ക്ലാസ് മുറിയിലെ പ്രൊജക്ടറിൽ മുഖ്യമന്ത്രിയുടെ പ്രസംഗം കാണുന്നതു പുറത്തുവന്നതോടെയാണ് നടപടി.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ, ലൈവ് സ്ട്രീമിംഗ് ഹെഡ്മിസ്ട്രസിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് വ്യക്തമാക്കി. “സംഭവം അറിഞ്ഞ ഉടൻ അന്വേഷണം ആരംഭിക്കാൻ ഞാൻ നിർദേശിച്ചു. ഹെഡ്മിസ്ട്രസിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു ലൈവ് സ്ട്രീമിംഗ്. അവരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇതുപോലൊരു മറ്റൊരു സംഭവവും അന്വേഷണം നടക്കുകയാണ്. സ്കൂളുകളിൽ രാഷ്ട്രീയത്തിന് സ്ഥലം ഇല്ല,” മന്ത്രി വ്യക്തമാക്കി.
ജില്ലാ എഡ്യൂക്കേഷണൽ ഓഫീസർ (എലമെന്ററി) പുറത്തിറക്കിയ ഉത്തരവിൽ ഗുരുതരമായ ആരോപണങ്ങളാണുള്ളത്, കൂടാതെ സേവനത്തിലെ അനാസ്ഥ, ജൂലൈ 9-നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ലംഘനം എന്നിവ ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ്ഹെഡ്മിസ്ട്രസ് എസ്. മല്ലിഗയെ അന്വേഷണത്തിന് വിധേയമായി സസ്‌പെൻഡ് ചെയ്തത്.
മുഖ്യമന്ത്രി വിജയിയുടെ ജന്മദിനാഘോഷങ്ങൾക്കായി ടിവികെ പ്രവർത്തകർ സ്കൂൾ പരിസരങ്ങളിൽ പ്രവേശിച്ച സംഭവങ്ങൾക്കു പിന്നാലെയാണ് ഈ വിവാദം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഒരു പൊതു താൽപര്യ ഹർജിയും നിലനിൽക്കുന്നുണ്ട്.
ഇതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് യാതൊരു വിധത്തിലുള്ള അനുവാദവും ഉണ്ടാകില്ലെന്ന് മന്ത്രി വീണ്ടും ആവർത്തിച്ചു. “വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രദർശന വേദികളല്ല. അവ രാഷ്ട്രീയ വേദികളുമല്ല. അടുത്ത തലമുറയെ രൂപപ്പെടുത്തുന്ന വിജ്ഞാന കേന്ദ്രങ്ങളാണ്. ഇനി മുതൽ അനാവശ്യമായി ആരും സ്കൂളുകളിൽ പ്രവേശിക്കാനാവില്ല. സർക്കാർ പരിപാടികൾ ഒഴികെ ജന്മദിനാഘോഷങ്ങളോ മറ്റ് സ്വകാര്യ പരിപാടികളോ അനുവദിക്കില്ല,” മന്ത്രി കൂട്ടിച്ചേർത്തു.

















































