സിഡ്നി: ഓസ്‌ട്രേലിയ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചിരുന്ന ഹോട്ടലിൽ അതിക്രമിച്ച് കയറി പ്രതിഷേധവുമായി തീവ്ര വലതുപക്ഷ-കുടിയേറ്റ വിരുദ്ധ പ്രവർത്തകൻ.മെൽബണിലെ ഹോട്ടലിൽ നടന്ന സംഭവത്തിൽ 22-കാരനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹ്യൂഗോ ലെന്നനാണ് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പ്രതിഷേധം നടത്തിയത്. സംഭവത്തിൽ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ വിശദമായ റിപ്പോർട്ടുകൾ പുറത്തുവിട്ടു.
ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ചയാണ് പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയയിലെത്തിയത്. ഹോട്ടൽ ലോബിയിൽ റെഡ് കാർപറ്റിലൂടെ സഞ്ചരിച്ച മോദിക്ക് നേരെ ഹ്യൂഗോ അസഭ്യ മുദ്രാവാക്യങ്ങൾ മുഴക്കുകയും കുടിയേറ്റ വിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇയാൾ സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിലും പങ്കുവെച്ചിട്ടുണ്ട്.
“ഇത് ഓസ്‌ട്രേലിയയാണ്. ഇനി ഇന്ത്യക്കാരെ വേണ്ട. ഞങ്ങൾക്ക് ഇനി കുടിയേറ്റക്കാരെ വേണ്ട. ഈ രാജ്യം ഓസ്‌ട്രേലിയക്കാർക്കുള്ളതാണ്,” എന്ന് ഒന്നാം നിലയിലെ ലോബിയിൽ നിന്ന് ഇയാൾ വിളിച്ചുപറഞ്ഞതായാണ് റിപ്പോർട്ടുകൾ. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ട് ഇയാളെ ഹോട്ടൽ പരിസരത്ത് നിന്ന് നീക്കം ചെയ്തു.
വ്യാഴാഴ്ച മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്ത ചടങ്ങിലും ഹ്യൂഗോ പ്രതിഷേധിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ കാരണം അതിന് സാധിച്ചില്ല. പിന്നീട് ഇയാൾ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ‘ഓസ്പിൽ’ (Ausspill) എന്ന പേരിലാണ് ഹ്യൂഗോ ലെന്നൻ അറിയപ്പെടുന്നത്.
അതേസമയം, പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഇയാൾ എങ്ങനെ പ്രവേശിച്ചു എന്നതടക്കമുള്ള സുരക്ഷാ വീഴ്ച സംബന്ധിച്ച ചോദ്യങ്ങൾക്ക് ഓസ്‌ട്രേലിയൻ പൊലീസ് പ്രതികരിക്കാൻ തയ്യാറായില്ല.



















































