തെലങ്കാന: രംഗ റെഡ്ഡിയിൽ പോക്സോ കേസ് പ്രതി ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയതിന് പിന്നാലെ, തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ 17കാരിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി. 35 കാരനായ രാജ്കുമാർ എന്നയാളാണ് ഒറ്റ ദിവസം കൊണ്ട് അതിക്രൂരമായ ആറു കൊലപാതകങ്ങൾ നടത്തിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഷബാദ് സ്വദേശിയായ രാജ്കുമാർ ആദ്യം ഭാര്യയായ 30 കാരിയായ പാർവതി ശരിതയെയും, നാലും, ഒരുവയസും പ്രായമുള്ള രണ്ട് ആൺ മക്കളെയും വീട്ടിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തി.
കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം പ്രതിനേരെ പോയത് തനിക്കെതിരെ പോക്സോ കേസ് നൽകിയ 17 കാരിയുടെ വീട്ടിലേക്കായിരുന്നു. അവിടെ നിന്ന് പെൺകുട്ടിയെ കാറിൽ കയറ്റി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ, തിരിച്ചെത്തി പെൺകുട്ടിയുടെ 45 കാരിയായ അമ്മയെയും 65 കാരിയായ മുത്തശ്ശിയെയും കൊലപ്പെടുത്തി. എന്നാൽ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന 20 വയസുള്ള ഭിന്നശേഷിക്കാരി സഹോദരിയെ ഇയാൾ ഉപദ്രവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ രാജ്കുമാർ തന്റെ പിതാവിനെ വിളിച്ച്, “ഞാൻ ഇത് ചെയ്തു, എല്ലാവരെയും കൊന്നു” എന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. പിന്നീട് ഫോൺ ഓഫ് ചെയ്ത ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ രാജ്കുമാർ ഒളിവിലാണ്. ഇയാളെ പിടികൂടാൻ പ്രത്യേക പോലീസ് സംഘങ്ങൾ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം 2018-ൽ രാജ്കുമാറും പാർവതിയും പ്രണയിച്ച് വിവാഹിതരായതാണ്. ആദ്യം ഗ്രാമത്തിന് പുറത്തു താമസിച്ച ഇവർ പിന്നീട് ഷബാദ്, ദേവലഗുഡ എന്നിവിടങ്ങളിലെ വീടുകളിലേക്ക് മാറി. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ടായിരുന്നു. ആദ്യ കുഞ്ഞ് ചെറുതിലെ മരിച്ചു.
മെയ് മാസത്തിൽ, പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് രാജ്കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോച്ചിംഗ് സെന്ററിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ പെൺകുട്ടിയെ പിന്തുടർന്ന് പ്രണയം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പിന്നാലെ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേസിന് ശേഷം രാജ്കുമാർ ഒളിവിലായിരുന്നു. പിന്നീട് ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ആയതിനാൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. ഏകദേശം ഒരു ആഴ്ച മുമ്പാണ് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ജാമ്യം ലഭിച്ചത്.
അതേസമയം രാജ്കുമാറിന് മുൻപ് തന്നെ പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൗൺസലിംഗിനായി പലതവണ വിളിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ ഇയാളുടെ മാനസികാവസ്ഥ സ്ഥിരമായിരുന്നില്ലെന്ന് പറഞ്ഞതായും പോലീസ് പറഞ്ഞു. ചൂതാട്ട ശീലവും കടബാധ്യതകളും ഇയാൾക്കുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവ സ്ഥലത്തെത്തി പരിശോധിച്ച ബന്ധുക്കൾ പറയുന്നതനുസരിച്ച്, കുട്ടികളെ ഉറക്കത്തിലിരിക്കെയാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. പാർവതി ശരിതയുടെ മൃതദേഹം കണ്ടെത്തിയ മുറിയിൽ ശക്തമായ സംഘർഷത്തിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
വീടിന്റെ വാതിലുകൾ അകത്തുനിന്ന് അടച്ച നിലയിലായിരുന്നുവെന്നും ഫാൻ, എയർ കണ്ടീഷണർ, കൂളർ എന്നിവ പ്രവർത്തിച്ചുകൊണ്ടിരുന്നതായും അവർ പറഞ്ഞു. സംഭവത്തിന് മുൻപ് കുടുംബത്തിൽ വലിയ തർക്കങ്ങൾ ഉണ്ടായിരുന്നില്ലെന്നും, പാർവതി മുൻദിവസം വൈകുന്നേരം ബന്ധുക്കളുമായി സാധാരണ രീതിയിൽ സംസാരിച്ചതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഫോറൻസിക് സംഘങ്ങൾ സ്ഥലങ്ങൾ പരിശോധിച്ചിരിക്കുകയാണ്. സംഭവങ്ങളുടെ ക്രമം കണ്ടെത്താനും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശം വ്യക്തമാക്കാനും അന്വേഷണം പുരോഗമിക്കുകയാണ്.



















































