ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പരാമർശങ്ങളിൽ നിന്ന് അകലം പാലിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. രാഗേഷ് പറഞ്ഞ കാര്യങ്ങളിൽ വ്യക്തതയില്ലെന്നും, “ആവിലും ഇല്ല, ദുനിയാവിലും ഇല്ല” എന്ന രീതിയിൽ സംസാരിക്കരുതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
“പറയുന്ന കാര്യത്തിൽ വ്യക്തത വേണം. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഇ.പി. ജയരാജന്റെ നിലപാട് തന്നെയാണ് എന്റേത്,” എന്നും പി.കെ. ശ്രീമതി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യറിനെ മാറ്റിയ വിഷയത്തിലും അവർ പ്രതികരിച്ചു. “ദിവ്യ എസ്. അയ്യർ പ്രഗത്ഭയായ ഉദ്യോഗസ്ഥയാണ്. ഏത് സർക്കാരായാലും അവരോട് വിധേയത്വം പുലർത്തുന്നയാളാണ്. അവരുടെ മാറ്റം സ്വാഭാവികമാണ്. അവർ ഏതെങ്കിലും അനീതി കാട്ടിയെന്ന് കരുതുന്നില്ല. കാരണം പറയേണ്ടത് മുഖ്യമന്ത്രിയാണ്,” എന്ന് അവർ പറഞ്ഞു.
ജോൺ ബ്രിട്ടാസിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും, “സർക്കാർ തീരുമാനം പോലെയാണ് മാറ്റം വരുന്നത്. കെ.കെ. രാഗേഷിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. രാഗേഷ് ഇക്കാര്യം പറയുമ്പോൾ കാരണങ്ങൾ കൂടി വ്യക്തമാക്കണം. എന്നാലേ ആളുകൾക്ക് വ്യക്തമാവുകയുള്ളൂ,” എന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.
അതേസമയം, ദിവ്യ എസ്. അയ്യറുടെ സ്ഥലംമാറ്റം വിവാദമാക്കേണ്ട വിഷയമല്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജയും പ്രതികരിച്ചു. “സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നത് സ്വാഭാവികമാണ്,” എന്നാണ് ശൈലജയുടെ നിലപാട്.
വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ്. അയ്യറെ മാറ്റിയത് ഡീലിന്റെ ഭാഗമാണെന്നായിരുന്നു കെ.കെ. രാഗേഷിന്റെ ആരോപണം. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും, വിഴിഞ്ഞം വിഷയത്തിൽ രാഗേഷിന് എന്താണ് പ്രത്യേക താൽപര്യമെന്നും സതീശൻ ചോദിച്ചിരുന്നു.














































