ചെന്നൈ: വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) എന്ന ജാനകിയമ്മ അന്തരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് അറിയുന്നത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ അന്ത്യം സംഭവിക്കികയായിരുന്നു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാൽപ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി. 17 ഭാഷകളിൽ പാടിയ ജാനകിയമ്മ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ സ്വന്തമാക്കിയിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അത് നിരസിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയാണ് ജാനകിയമ്മ.















































