വിയറ്റ്നാം: വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിനു സമീപം ഇന്ത്യൻ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചവരിൽ രണ്ടുപേർ മലയാളികളെന്ന് വിവരം. കൊട്ടാരക്കര ആവിയോട്ട് ഹൗസിൽ എ.സി തോമസ് (57), ഭാര്യ ലവ്നി തോമസ് (56) എന്നിവരാണ് മരിച്ച മലയാളികൾ. ഇവരെക്കൂടാതെ മരിച്ചവരിൽ 3 പേർ ആന്ധ്രപ്രദേശിൽനിന്നും പത്തുപേർ തമിഴ്നാട്ടിൽനിന്നും ഉള്ളവരാണ്.
അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന കൊട്ടാരക്കരയിലെ വിക്ടറി ഗ്രൂപ്പ് ഉടമയായ എ.വി.തോമസും ഭാര്യയും മൂന്ന് ദിവസം മുൻപാണ് വിയറ്റ്നാമിലേക്കു പോയത്. 32 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. കൂടാതെ ക്രൂ മെമ്പേഴ്സായി നാലുപേരുമുണ്ടായിരുന്നുവെന്നാണ് വിവരം. ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്കു യാത്രതിരിച്ച യാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
പെട്ടെന്നു കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതും അപകടത്തിനു കാരണമായി എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസിലും ഹാനോയിയിലെ എംബസിയിലുമായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തി.
അതേസമയം മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയോട് ആഭ്യർഥിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. വിയറ്റ്നാമിലെ ഇന്ത്യൻ അംബാസിഡറുമായി അദ്ദേഹം സംസാരിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനു ഇന്ത്യൻ എംബസി നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ എംപിയെ അറിയിച്ചു.















































