തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം കരാറിലെ കർശന നിബന്ധനകൾ പാലിക്കാതെയാണെന്ന് ആരോപിച്ച് സിപിഎം നേതാവ് തോമസ് ഐസക്. ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് ആരാണ് ആദ്യം വിവരം അറിഞ്ഞതെന്നതല്ല പ്രധാന വിഷയമെന്ന് പറഞ്ഞ തോമസ് ഐസക്, ഓഹരി കൈമാറ്റത്തെക്കുറിച്ച് എക്കണോമിക് ടൈംസ് ജൂൺ ഒന്നിന് വാർത്ത നൽകിയതായും പിന്നാലെ ദേശാഭിമാനിയും റിപ്പോർട്ട് ചെയ്തതായും ചൂണ്ടിക്കാട്ടി. മെയ് 18 മുതൽ മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്ന വാദം വിശ്വസിക്കാനാകില്ലെന്നും, പുതിയ സിഇഒ ചുമതലയേറ്റപ്പോഴാണ് വിവരം ലഭിച്ചതെന്ന വിശദീകരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വിമർശിച്ചു.
വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക ഓഹരിയില്ലെന്നും, സർക്കാരിന്റെ വിസിൽ ഓഹരിയുള്ള കമ്പനിയുടെ നടത്തിപ്പ് മാത്രമാണ് നിലവിൽ അദാനി ഗ്രൂപ്പിനുള്ളതെന്നും തോമസ് ഐസക് പറഞ്ഞു. തുറമുഖത്തിന്റെ ഓഹരിയല്ല കൈമാറുന്നതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം യാഥാർഥ്യവിരുദ്ധമാണെന്നും, യഥാർത്ഥത്തിൽ അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരിയാണ് കൈമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിഴിഞ്ഞമോ കുളച്ചിലോ ലക്ഷ്യമിട്ടാണ് അദാനി ഗ്രൂപ്പിന്റെ നീക്കമെന്നും, എംഎസ്‌സി പോലുള്ള ആഗോള കമ്പനികൾ എത്തുന്നതിൽ എതിർപ്പില്ലെങ്കിലും വിഴിഞ്ഞം അവരുടെ നിയന്ത്രണത്തിലാകുന്നതാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതെന്നും, എന്നിട്ടും വിഷയത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന വിശദീകരണം ഗുരുതര വീഴ്ചയാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. ഒന്നുകിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇതിനെക്കുറിച്ച് ഹോംവർക്ക് ചെയ്തില്ല. അല്ലെങ്കിൽ അദാനിക്ക് വേണ്ടി കാര്യങ്ങൾ നല്ലവണ്ണം പഠിച്ചു എന്ന് വേണം കരുതാനെന്നും തോമസ് ഐസക് പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ചാർട്ടേഡ് വിമാനത്തിൽ പോയി അദാനിയെ മുഖ്യമന്ത്രി കണ്ടത് എന്തിനാണെന്നും തോമസ് ഐസക് ചോദിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിലവിലെ നടപടികൾ കരാറുകളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

















































