മുംബൈ: സുഹൃത്തുക്കൾക്കൊപ്പം സാറ്റ് കളിക്കുന്നതിനിടെ അപാർട്ട്മെൻറിലെ ലിഫ്റ്റിൻറെ ഷാഫ്റ്റിലേക്ക് വീണ് 12കാരന് ദാരുണാന്ത്യം. മുംബൈ സ്വദേശി ജെയിൻ ഷെയ്ഖ് ആണ് മരിച്ചത്. മുംബൈയിലെ നെഹ്റു നഗറിൽ ബുധനാഴ്ചയായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റിന് സമീപം ഒളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ലിഫ്റ്റ് ഡോർ തുറന്നതോടെ കുട്ടി പത്താം നിലയിൽ നിന്ന് താഴേക്കു പതിക്കുകയായിരുന്നു
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂട്ടുകാരുമായി ഇടനാഴിയിൽ കളിക്കുന്നതോടെ ആരംഭിക്കുന്ന ദൃശ്യങ്ങളിൽ, ലിഫ്റ്റിന് സമീപം കുട്ടികൾ ഒളിച്ചിരിക്കുന്നതു കാണാം. പിടിയിലാകാതിരിക്കാൻ ശ്രമിച്ചിരുന്ന കുട്ടി ഇടനാഴിയും ലിഫ്റ്റ് വാതിലും തമ്മിലുള്ള ഇടുങ്ങിയ ഭാഗത്ത് ഒളിക്കാൻ ശ്രമിക്കുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ലിഫ്റ്റ് വാതിൽ തുറന്നതോടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു.
ഈ സമയം ലിഫ്റ്റ് മൂന്നാം നിലയിലായിരുന്നതിനാൽ 10ാം നിലയിൽ നിന്ന് വീണ ജെയിൻ മൂന്നാം നിലയിലുള്ള ലിഫ്റ്റിൻറെ മുകളിലേക്ക് പതിച്ചു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴ് മാസമായി കെട്ടിടത്തിലെ ലിഫ്റ്റിന് സാങ്കേതിക തരാറുകൾ ഉണ്ടായിരുന്നുവെന്ന് താമസക്കാർ പറയുന്നു. സംഭവത്തിൽ നെഹ്റു നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


















































