തിരുവനന്തപുരം: താൻ യാത്ര ചെയ്യുമ്പോൾ പരമാവധി കുറച്ചു പോലീസുകാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി അധികാരമേറ്റയുടനെ നൽകിയ നിർദേശം നിലനിൽക്കെ, ശാന്തിഗിരിയിലേക്കുള്ള അദ്ദേഹത്തിന്റെ ഇന്നലത്തെ യാത്രയ്ക്കായി പോലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടനെ മുഖ്യമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറച്ചു.
വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം മുഖ്യമന്ത്രിക്കു നേരെ ഉയരാൻ സാധ്യതയുണ്ടെന്നു കാട്ടിയാണ് അദ്ദേഹം പോകുന്ന വഴിയിലുടനീളം പോലീസിനെ നിയോഗിച്ച് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കിയത്. 22 എസ്ഐമാർ, 3 ഡിവൈഎസ്പിമാർ, മഫ്തിയിൽ അൻപതോളം പേർ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു സംഘം. പ്രധാനമായും നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല പോലീസ് സബ് ഡിവിഷനുകളിലുള്ള ഉദ്യോഗസ്ഥരെയാണു സുരക്ഷാഡ്യൂട്ടിക്കു നിയോഗിച്ചത്.
വിവരം ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. പരിപാടി നടക്കുന്ന നെടുമങ്ങാട് സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെ മാത്രം ഡ്യൂട്ടിക്കു നിയോഗിച്ച് പിന്നാലെ പരിഷ്കരിച്ച ഉത്തരവിറങ്ങി. കൂടാതെ യാത്രകളിൽ മുന്നിലുള്ള പൈലറ്റ് വാഹനം മാത്രം മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശമെങ്കിലും സുരക്ഷാകാരണങ്ങളാൽ എസ്കോർട്ട് വാഹനം കൂടി പോലീസ് ഏർപ്പെടുത്തി.
















































