തിരുവനന്തപുരം: “മോദിക്ക് അദാനി എങ്ങനെയോ അതുപോലെയാണ് പിണറായിക്ക് ഊരാളുങ്കൽ”… പ്രതിപക്ഷത്തിരിക്കുമ്പോൾ യുഡിഎഫിന്റെ വാക്കുകളായിരുന്നു ഇത്. എന്നാൽ ആ ആരോപണങ്ങൾ കാറ്റിൽ പറത്തി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെയുള്ള 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ സർക്കാർ കരാറുകൾ എടുക്കാനുള്ള അനുമതി യുഡിഎഫ് സർക്കാർ നീട്ടി നൽകി. ധനവകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 31-ന് കാലാവധി അവസാനിച്ച ഏജൻസികൾക്കാണ് ഈ മാസം അവസാനം വരെ കരാർ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഇതോടെ, ടെൻഡർ നടപടികളില്ലാതെ തന്നെ ഈ ഏജൻസികൾക്ക് സർക്കാർ ജോലികൾ തുടർന്നു പോകാനാകും.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ അതി രൂക്ഷമായ വിമർശനങ്ങളായിരുന്നു കോൺഗ്രസ് നേതൃത്വം ഉയർത്തിയിരുന്നത്. “മോദിക്ക് അദാനി എങ്ങനെയോ അതുപോലെയാണ് പിണറായിക്ക് ഊരാളുങ്കൽ” എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അന്നുപറഞ്ഞത്. അഴിമതിയുടെ പ്രഭവ കേന്ദ്രം ഊരാളുങ്കലാണെന്നും, അധികാരത്തിലെത്തിയാൽ എല്ലാ ഇടപാടുകളും അന്വേഷിക്കുമെന്നും യുഡിഎഫ് അന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ഭരണം കിട്ടി മാസം ഒന്നു കഴിഞ്ഞപ്പോഴേക്കും മുൻ യുഡിഎഫ് ഉൾട്ടയാവുകയാണ്. ഊരാളുങ്കലിൻറെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും, നിലവാരമുള്ള ജോലികളാണ് അവർ കാഴ്ചവെക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കരാർ കാലാവധി നീട്ടി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. സഹകരണ മേഖലയിലെ അഭിമാനമായ ഊരാളുങ്കലിനോടുള്ള സർക്കാർ സമീപനത്തെ ഭരണപക്ഷത്തെ ചില നേതാക്കൾ സ്വാഗതം ചെയ്തപ്പോൾ, മുൻകാല നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ വിഷയത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.

















































