കൊല്ലം: ഡിവൈഎഫ്ഐ കൊല്ലം ഏരിയ സെക്രട്ടറി സനോഫർ ഉൾപ്പെടെയുള്ള മുൻ സിപിഎം പ്രവർത്തകർക്ക് ആർ.എസ്.പി അംഗത്വം നൽകിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. സിപിഎം ക്രിമിനലുകൾക്ക് ആർ.എസ്.പി രാഷ്ട്രീയ അഭയം നൽകുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചയാളെ ആർ.എസ്.പിയിലേക്ക് സ്വീകരിച്ചത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയെ പുച്ഛിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം വലിച്ചെറിഞ്ഞവരെ പേറുന്ന അഴുക്കുചാലായി ആർ.എസ്.പി മാറരുതെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
സിപിഎം ഉപേക്ഷിച്ചവരെ സ്വീകരിക്കുന്ന വേദിയായി ആർ.എസ്.പി മാറരുതെന്നും, മുന്നണിയുടെ രാഷ്ട്രീയ ധാർമികതയ്ക്ക് വിരുദ്ധമായ നടപടിയാണ് ഇതെന്നും വിഷ്ണു സുനിൽ വിമർശിച്ചു. ആർ.എസ്.പി പിണറായിസത്തെ സ്വന്തം രാഷ്ട്രീയ നിലപാടായി സ്വീകരിക്കുന്നതുപോലെയാണ് ഈ നടപടി വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിലവിൽ ആർ.എസ്.പി അനുഭവിക്കുന്ന രാഷ്ട്രീയ സ്വാധീനവും അധികാരവും യുഡിഎഫ് പ്രവർത്തകരുടെ സമരങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമാണെന്ന കാര്യം പാർട്ടി നേതൃത്വം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ നിന്ന് പുറത്തുവന്നവരെ യാതൊരു രാഷ്ട്രീയ വിലയിരുത്തലുമില്ലാതെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നത് പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































