പത്തനംതിട്ട: കോന്നിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സഹപാഠികൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി വിദ്യാർഥിനി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സ്കൂളിൽ നടത്തിയ കൗൺസിലിങ് സെഷനിടെയാണ് വിദ്യാർഥിനി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെയും മറ്റ് ബാധകമായ നിയമ വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിൽ, പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിലും സ്കൂൾ പരിസരത്തും വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.

















































