ആലപ്പുഴ: സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗണ്യമായ കുറവ്. പോളിയോ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി തുള്ളിമരുന്ന് നൽകേണ്ട കുട്ടികളുടെ കണക്കെടുത്തപ്പോഴാണ് ഈ കുറവ് വ്യക്തമായത്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 2016-ൽ 26 ലക്ഷം കുട്ടികളാണ് പോളിയോ വാക്സിനേഷനായി പരിഗണിച്ചിരുന്നത്. എന്നാൽ 2026-ൽ ഈ എണ്ണം 19.8 ലക്ഷമായി കുറഞ്ഞു. അതായത് ഒരു ദശകത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ജനനനിരക്കിലുണ്ടായ ഇടിവാണ് ഈ കുറവിന് പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. 2018 മുതലാണ് കുട്ടികളുടെ എണ്ണത്തിൽ പ്രകടമായ കുറവ് രേഖപ്പെടുത്താൻ തുടങ്ങിയത്. 2017-ൽ 26.16 ലക്ഷം കുട്ടികളുണ്ടായിരുന്നപ്പോൾ 2018-ൽ അത് 24.5 ലക്ഷമായി കുറഞ്ഞു. 2022 വരെ നേരിയ മാറ്റങ്ങളോടെ ഈ പ്രവണത തുടർന്നെങ്കിലും പിന്നീട് കൂടുതൽ ഇടിവ് രേഖപ്പെടുത്തി. 2023-ലും 2026-ലും കുട്ടികളുടെ എണ്ണം 19.8 ലക്ഷമായിരുന്നു. 2024-ലും 2025-ലും നേരിയ വർധനയുണ്ടായെങ്കിലും വീണ്ടും കുറവുണ്ടാകുകയായിരുന്നു.
പോളിയോ പ്രതിരോധ കുത്തിവയ്പ് ദിനത്തിൽ ലക്ഷ്യമിടുന്ന കുട്ടികളിൽ 88 മുതൽ 96 ശതമാനം വരെ പേർ ആദ്യ ദിവസം തന്നെ തുള്ളിമരുന്ന് സ്വീകരിക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ആദ്യ ദിവസം എത്താൻ കഴിയാത്ത കുട്ടികൾ അടുത്ത ദിവസങ്ങളിൽ വാക്സിൻ സ്വീകരിക്കുന്നതാണ് പതിവ്.
പുതിയ തലമുറയിലെ ദമ്പതിമാർക്കിടയിൽ ‘ഒരു കുട്ടി മതിയെന്ന’ കുടുംബ കാഴ്ചപ്പാട് വ്യാപകമാകുന്നതും ജനനനിരക്ക് കുറയാൻ കാരണമായി ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ചിലർ കുട്ടികൾ വേണ്ടെന്ന തീരുമാനവും സ്വീകരിക്കുന്നുണ്ട്. വിവാഹം വൈകുകയോ വിവാഹം കഴിക്കാതിരിക്കുകയോ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതും വിദേശത്തേക്ക് തൊഴിൽ തേടി പോകുന്നവർ അവിടെ സ്ഥിരതാമസമാക്കുന്നതും കുട്ടികളുടെ എണ്ണം കുറയാൻ കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.
കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പോളിയോ വാക്സിൻ ആവശ്യകതയിലും കുറവുണ്ടായി. 2016-ൽ 26 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാൻ ഏകദേശം 1.30 ലക്ഷം വയൽ വാക്സിൻ ആവശ്യമായിരുന്നു. എന്നാൽ നിലവിൽ ഒരു ലക്ഷം വയൽ മതിയാകുന്ന സാഹചര്യമാണുള്ളത്. ഇതോടെ 30,000 വയൽ വാക്സിന്റെ ആവശ്യകത കുറഞ്ഞു. ഒരു വയൽ വാക്സിൻ ഉപയോഗിച്ച് 18 മുതൽ 20 വരെ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാകും.
സംസ്ഥാനത്ത് ജനനനിരക്കിലെ കുറവ് മുമ്പെങ്ങുമില്ലാത്തവിധമായിരിക്കുന്നുവെന്നത് പ്രകടമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ.
















































