താമരശ്ശേരി: സ്കൂൾ വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ കേസിൽ പ്രധാന പ്രതിയായ പത്താം ക്ലാസ് വിദ്യാർഥിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നതായി വിവരം. പോലീസിന്റെ നിരീക്ഷണം മറികടന്നാണ് ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം വിട്ടതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് 56 കുപ്പി വ്യാജമദ്യവും, ഇയാളുടേതെന്ന് സംശയിക്കുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് 220 കുപ്പി വ്യാജമദ്യവും എക്സൈസ് പിടിച്ചെടുത്തിരുന്നു.
ജൂൺ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ കഴിയാതിരുന്നതാണ് ഇയാൾക്ക് വിദേശത്തേക്ക് കടക്കാൻ അവസരമായതെന്നാണ് വിവരം.
വാട്ടർ ബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തിയ വിദ്യാർഥിയെ ചോദ്യം ചെയ്തപ്പോഴാണ് മദ്യം സഹപാഠിയായ മറ്റൊരു വിദ്യാർഥിയാണ് നൽകിയതെന്ന് വ്യക്തമായത്. തുടർന്ന് ആ വിദ്യാർഥിയെ ചോദ്യം ചെയ്തതോടെയാണ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നത്.
രണ്ടാനച്ഛൻ വീട്ടിൽ നാടൻ വാറ്റ് നടത്താറുണ്ടെന്നും, അതിന് സഹായിക്കാൻ തന്നെ വിളിക്കാറുണ്ടെന്നും വിദ്യാർഥി മൊഴി നൽകിയതായി അന്വേഷണസംഘം അറിയിച്ചു. നിരവധി വിദ്യാർഥികൾക്ക് ഇയാൾ വഴി വാറ്റ് ചാരായം എത്തിച്ചിരുന്നുവെന്ന വിവരവും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്.

















































