കണ്ണൂർ: ഡിവൈഎഫ്ഐ പിണറായി വിജയന്റെ വാലായിരിക്കുകയാണെന്ന് വിമർശനം. ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ഈ വിമർശനം ഉയർന്നത്. വൈഎഫ്ഐയുടെ നിലവിലെ പ്രവർത്തന രീതിയിൽ അടിയന്തരമായി തിരുത്തൽ വരുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സരിൻ ശശിയ്ക്കെതിരെയും വിമർശനമുണ്ടായി. പയ്യന്നൂരിലെ പാർട്ടിയിലെയും സംഘടനയിലെയും വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയത് സരിൻ ശശിയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുയർന്നു. കഴിഞ്ഞ പത്തുവർഷമായി എൽഡിഎഫ് സർക്കാരിന്റെ ‘ബി ടീം‘ ആയിട്ടാണ് ഡിവൈഎഫ്ഐ സംഘടന പ്രവർത്തിച്ചത്. അത് തിരിച്ചടിയായി. പയ്യന്നൂരിലെ തോൽവി തന്നെ അതിനുള്ള പ്രധാന ഉദാഹരണമാണ്. പലസൂചനകളും തിരിച്ചറിയുന്നതിൽ പാർട്ടിയ്ക്കും സംഘടനയ്ക്കും വീഴ്ച പറ്റി.
തിരഞ്ഞെടുപ്പ് സമയത്ത് സരിൻ ശശി പയ്യന്നൂർ മണ്ഡലത്തിന് പുറത്തേക്ക് പോയിട്ടില്ലെന്നും ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്തം കാട്ടിയില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കണ്ണൂരിലെ ഡിവൈഎഫ്ഐ കോട്ടകളിൽ സംഘടന നേരിടുന്ന ആഭ്യന്തര തർക്കങ്ങളും നേതൃത്വത്തിന്റെ വീഴ്ചകളും സമ്മേളനത്തിൽ ചർച്ചയായി.
പിണറായിയുടെ വാലായി പ്രവർത്തിച്ചതിനാൽ തന്നെ അതിനപ്പുറത്തേയ്ക്ക് ഒരു സമര സംഘടനയെന്ന നിലയിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനോ, ആളുകളെ കെട്ടിപ്പെടുക്കാനോ കഴിഞ്ഞില്ല. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലൂടെ പൊങ്ങി വന്ന സിജെപി പോലുള്ള മുന്നേറ്റങ്ങൾക്ക് പോലും വലിയ സ്വീകാര്യത കിട്ടുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഡിവൈഎഫ്ഐയ്ക്കുള്ള സ്വീകാര്യത കുറയുകയാണെന്നുമുള്ള സ്വയം വിമർശനങ്ങളാണ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഉയർന്നത്.















































