പുണെ: റിയൽ എസ്റ്റേറ്റ് വ്യവസായി കേതന്‍ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സിയ ഗോയലിന്‍റെ സഹോദരന്‍ സഹിൽ ഗോയലിനെ പൊലീസ് ചോദ്യം ചെയ്തു. വിവാഹത്തിന് താത്പര്യമില്ലെന്ന് സിയ പറഞ്ഞിരുന്നെങ്കിൽ തങ്ങൾ ഈ ബന്ധം ഉപേക്ഷിക്കുമായിരുന്നെന്ന് സഹിൽ അറിയിച്ചു.
വെള്ളിയാഴ്ച ഏകദേശം പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലായിരുന്നു സഹിലിന്‍റെ പ്രതികരണം. 26കാരനായ കേതൻ അഗർവാൾ ജൂൺ 18ന് ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെയാണ് പാറക്കെട്ടിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്. പ്രതിശ്രുത വധുവായ സിയ ഗോയൽ ഇത് അപകടമാണെന്ന് പറഞ്ഞെങ്കിലും കുടുംബം സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിനിടെ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരാൾ കേതനെയും സിയയെയും പിന്തുടരുന്നതായി കണ്ടെത്തി. ഹൂഡിയുടെ മുൻഭാഗം വളരെ താഴ്ത്തി വെച്ചിരുന്നതിനാൽ മുഖം വ്യക്തമല്ലായിരുന്നു.
ഹൂഡിക്ക് മുകളിലായി ഹെഡ്സെറ്റും ധരിച്ചിരുന്നു. മറ്റൊരു സി.സി.ടി.വി ദൃശ്യത്തിൽ സിയ പെട്ടന്ന് തിരിഞ്ഞുനോക്കുന്നതും ഹൂഡി ധരിച്ച വ്യക്തി പെട്ടന്ന് അവിടെതന്നെ ഇരിക്കുന്നതും പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ ജൂൺ 18ന് പ്രദേശത്ത് 33 ഡിഗ്രി ചൂടായിരുന്നുവെന്നും പൊലീസ് പറയുന്നു. ജൂൺ മാസത്തിലെ ഈ കനത്ത ചൂടിൽ ഹൂഡി ധരിച്ച് ട്രെക്കിങ്ങിന് എത്തുന്നത് അസ്വാഭാവികമായതിനാൽ പൊലീസ് ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി. ഇതോടെ ഇയാൾ സിയയുടെ കാമുകനായ ചേതൻ ചൗധരിയാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു.സിയ ഗോയലും ചേതൻ ചൗധരിയും ചേർന്ന് കേതനെ കൊല്ലാൻ മുമ്പ് പല തവണ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.


















































