ഇന്ത്യൻ ക്രിക്കറ്റിന് ദൈവം നൽകിയ സമ്മാനം… എന്ന് 15 കാരൻ വൈഭവ് സൂര്യവംശിയെ വിശേഷിപ്പിക്കാൻ തുടങ്ങിയതായി സുനിൽ ഗവാസ്‌കർ പറഞ്ഞതിൽ വലിയ അതിശയോക്തിയൊന്നുമില്ല. ഇന്ന് നടക്കുന്ന ഇന്ത്യ- അയർലൻഡ് മത്സരത്തിന്റെ സെന്റർ ഓഫ് അറ്റ്റാക്ഷൻ ആ 15 കാരനാണ്. ഐപിഎല്ലിൽ പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, ജസ്പ്രീത് ബുംറ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെ പോലും തകർത്തുകൊണ്ട്, തന്റെ മിന്നൽ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ മുഴുവൻ കീഴടക്കിയ ബാറ്റ്സ്മാൻ. 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസൺ അവസാനിച്ചതിന് ശേഷം, രാജസ്ഥാൻ റോയൽസിനായി 776 റൺസ് നേടി, ടോപ്പ് റൺ ഗെറ്ററായി സൂര്യവംശി ഇന്ത്യയുടെ ടി20 ടീമിൽ ഇടം നേടി.
ഇപ്പോൾ, ടി20 അരങ്ങേറ്റത്തിന് മുന്നോടിയായി, അദ്ദേഹം തന്റെ ഇന്ത്യൻ സഹതാരങ്ങളെ നെറ്റ്സിൽ അടിച്ചു തകർത്തുകൊണ്ടിരിക്കുന്ന വീഡിയോയാണ് ബിസിസിഐ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സൂര്യവംശിയെ ഉൾപ്പെടുത്തിയെങ്കിലും വൈഭവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് മാനേജ്‌മെന്റ് മൗനം പാലിച്ചിരിക്കുകയാണ്.
എന്നാൽ ഇതൊന്നും തന്റെ വിഷയമേയല്ല എന്ന രീതിയിൽ ഇന്ത്യൻ ദേശീയ ടീം ബൗളർമാരെ നേരിടുന്ന കൗമാരക്കാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ, സൂര്യവംശി ചില മികച്ച ഷോട്ടുകൾ കളിക്കുന്നതു കാണാം, വീഡിയോയിൽ, സൂര്യവംശി ഒരു നോ-ലുക്ക് ഷോട്ട് നടത്തുന്നതും കാണാം.
അതേസമയം വൈഭവിനായി പ്രത്യേക പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലെന്ന് അയർലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ബെൻ കാലിറ്റ്സ് വ്യക്തമാക്കി. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യവംശി എന്നിങ്ങനെ ആരായാലും ഒരുപോലെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“എല്ലാ കളിക്കാരെയും ഒരേ രീതിയിൽ കാണുകയാണ്. പ്ലാനുകൾ തയ്യാറാക്കാം, പക്ഷേ കളിയുടെ നടുവിൽ അത് മാറാനും സാധ്യതയുണ്ട്. ലോകചാമ്പ്യന്മാരായ ഇന്ത്യൻ താരങ്ങൾക്ക് വലിയ ബലഹീനതകളില്ല. എങ്കിലും എല്ലാവരെയും പുറത്താക്കാനാണ് ഞങ്ങളുടെ ലക്ഷ്യം,” – കാലിറ്റ്സ് പറഞ്ഞു. അതേസമയം ആദ്യ അരങ്ങേറ്റം എപ്പോഴാണെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, സൂര്യവംശിയുടെ പ്രകടനം കണക്കിലെടുത്താൽ, ഇന്ത്യൻ ജേഴ്സിയിൽ അദ്ദേഹത്തിന്റെ ആദ്യ മത്സരം ഏറെ വൈകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Start of something special 🌟
🎥 Glimpses of Vaibhav Sooryavanshi’s first time in the #TeamIndia nets 🤩#IREvIND pic.twitter.com/zp3mPMch5R
— BCCI (@BCCI) June 26, 2026

















































