അയർലാൻഡിനെതിരെ വൈഭവ് സൂര്യവംശിയില്ലാതെ കളത്തിലിറങ്ങിയ ആദ്യ ടി 20 യിൽ ഇന്ത്യയ്ക്ക് 34 റൺസിന്റെ നാണംകെട്ട തോൽവി. ഇതാദ്യമായാണ് അയർലാൻഡിനോട് ഇന്ത്യ ഒരു മാച്ചിൽ തോൽവിയേറ്റുവാങ്ങുന്നത്. ശ്രേയസ് അയ്യരുടെ കീഴിൽ ഇറങ്ങിയ ഇന്ത്യ അയർലാൻഡ് മുന്നോട്ടുവെച്ച 183 റൺസ് വിജയലക്ഷ്യത്തിന് 34 റൺസകലെ വീണു. ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് എല്ലാവരും കൂടാരം കയറുകയായിരുന്നു.
ഇന്ത്യൻ നിരയിൽ 20 പന്തിൽ 50 റൺസ് നേടിയ അഭിഷേക് ശർമ മാത്രമാണ് തിളങ്ങിയത്. സഞ്ജു സാംസൺ (5 ), ഇഷാൻ (1 ), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (3 ), വാഷിങ്ടൺ സുന്ദർ (9) ഹർഷിദ് റാണ (8) എന്നിവരെല്ലാം രണ്ടക്കം കടക്കാതെ പുറത്തായി. അഭിഷേകിനു പുറമേ തിലക് വർമ (19), ശിവം ദുബെ (25), അക്സർ പട്ടേൽ (15) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് തുടക്കം തകർച്ചയോടെയായിരുന്നെങ്കിലും ക്യാപ്റ്റൻ ലോർക്കാൻ ടക്കറുടെ അർധസെഞ്ചുറിയുടെയും ഗാരെത് ഡെലാനിയുടെ ബാറ്റിംഗിൻറെയും കരുത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.36 പന്തിൽ 50 റൺസെടുത്ത ടക്കറാണ് അയർലൻഡിൻറെ ടോപ് സ്കോറർ. ഡെലാനി 32 പന്തിൽ 49 റൺസെടുത്തു.

















































