അൻസിബയ്ക്ക് പിന്തുണയുമായി എഴുത്തുകാരിയും കോൺഗ്രസ് അനുകൂല സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ. ഒരു മുസ്ലിം പൗരനെ പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിലാക്കാൻ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറ്റവും എളുപ്പമുള്ള ആയുധം ജിഹാദി എന്ന ഒരു വാക്കാണെന്ന് സുധാ മേനോൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതിനായി തെളിവുകൾ ആവശ്യമില്ല, വിധിയും വിചാരണയും ആവശ്യമില്ല, ഈ ഒരു മുദ്ര മാത്രം മതിയെന്നും പോസ്റ്റിൽ പറയുന്നു. ഒരിക്കൽ ആ മുദ്ര പതിഞ്ഞാൽ, അത് പ്രചരിപ്പിക്കാനും സ്ഥിരപ്പെടുത്താനും എണ്ണമറ്റ ഓൺലൈൻ ഗോസിപ്പ് ചാനലുകളും ട്രോൾ സംഘങ്ങളും കാത്തുനിൽക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. പൗരനെ ‘അപരൻ’ ആക്കുകയും അയാളുടെ ശബ്ദത്തെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്യുന്ന ഈ വർഗീയ രാഷ്ട്രീയം പുതുമയല്ല. എന്നാൽ ആ രാഷ്ട്രീയം കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്കും സാംസ്കാരിക സ്ഥാപനങ്ങളിലേക്കും കടന്നുവരുന്നുവെന്ന ആശങ്കയാണ് A.M. M. A യിലെ വിവാദം ഉയർത്തുന്നത്.
അൻസിബ ഹസൻ സുവ്യക്തമായും സംയമനത്തോടെയും സംസാരിച്ചത് അവരുടെ സംഘടനയിൽ നടന്ന അനീതിയെക്കുറിച്ചും സാമ്പത്തിക സുതാര്യതയെക്കുറിച്ചും നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുമാണ്. ഒരു സംഘടന എങ്ങനെയാണ് പ്രവർത്തിക്കേണ്ടത്, അതിന്റെ നേതൃത്വം എന്ത് മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കേണ്ടത് എന്ന അടിസ്ഥാന ജനാധിപത്യ ചോദ്യങ്ങളായിരുന്നു അവർ മാന്യമായി ഉയർത്തിയതെന്ന് സുധാ മേനോന്‍ പറയുന്നു.


















































