കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ താൻ നേരിട്ടതായി പറയുന്ന പ്രശ്നങ്ങൾ വീണ്ടും തുറന്നുപറഞ്ഞ് നടി അൻസിബ ഹസൻ. തന്നെ മനഃപൂർവം ‘ജിഹാദി’യാക്കി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചെന്നും, അതിന് ഒരു ജനപ്രതിനിധി ഉൾപ്പെടെയുള്ളവർ കൂട്ടുനിന്നുവെന്നും അൻസിബ ആരോപിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അൻസിബ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. തനിക്കെതിരായ പ്രചാരണത്തിൽ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യാൻ ശ്രമിച്ചെന്നും അവർ ആരോപിക്കുന്നു.
സംഭവത്തിൽ പാലാരിവട്ടം പൊലീസിൽ പുതിയ പരാതി നൽകിയിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അൻസിബ അറിയിച്ചു. തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും വ്യക്തിഹത്യാ ശ്രമങ്ങൾക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് അൻസിബയുടെ പുതിയ പ്രതികരണം ശ്രദ്ധേയമാകുന്നത്. വിഷയത്തിൽ പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
അന്‍സിബ ഹസന്‍റെ കുറിപ്പ്
എന്‍റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: ‘തളരരുത്’.
ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല. ലക്ഷങ്ങൾ ഒഴുക്കി പിആര് ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്… അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.
ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്. സ്നേഹത്തോടെ, അൻസിബ ഹസ്സൻ
അതേസമയം ശ്വേത മേനോന്‍ പ്രസിഡന്‍റ് ആയിരുന്ന അമ്മ ഭരണസമിതി അടുത്തിടെ കൂട്ടത്തോടെ രാജി വച്ചിരുന്നു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലായിരുന്നു ഭരണ സമിതി അംഗങ്ങളുടെ രാജി പ്രഖ്യാപനം.

















































