തൃക്കൂർ: നെല്ലിച്ചോട് ജിമ്മിൽ നിന്ന് വരുന്നതിനിടെ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി (30) അറസ്റ്റിൽ. ഭാര്യയും കാമുകനും ചേർന്നു നടത്തിയ കൊലപാതക ശ്രമത്തിൽ മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിനാണ് ഗുരുതരമായി പരുക്കേറ്റത്.
ഡീനസിന്റെ ഭാര്യയാണ് അറസ്റ്റിലായ ജിസ്മി. കേസിലെ ഒന്നാംപ്രതിയും ജിസ്മിയുടെ കാമുകനുമായി പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിൾ നേരത്തേ അറസ്റ്റിലായിരുന്നു. ജിസ്മിയും സിറിളും ഒരുമിച്ച് ജീവിക്കുന്നതിനായി ഡീനസിനെ ഇല്ലാതാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കഴിഞ്ഞ മേയ് എട്ടിന് രാത്രി ജിമ്മിന് മുന്നിൽ ഒളിച്ചിരുന്ന സിറിൾ, വർക്കൗട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ഡീനസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ ജിസ്മി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുതുക്കാട് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


















































