പൂനെ: മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ലോണാവളയിലെ ലോഹഗഡ് കോട്ടയിൽ ട്രെക്കിംഗിനിടെ 24കാരൻ ദാരുണമായി മരിച്ചു. കെതൻ വിശാൽ അഗർവാൾ (24) ആണ് മരിച്ചത്. തന്റെ 24-ാം പിറന്നാൾ ആഘോഷത്തിനായി സുഹൃത്തുക്കളോടൊപ്പം ട്രെക്കിംഗിന് എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
ഗഹുഞ്ചെയിലെ ലോധ ബെൽമോണ്ടോ സൊസൈറ്റിയിലെ താമസക്കാരനായ കെതൻ, കോട്ടയുടെ മുകളിൽ കയറുന്നതിനിടെ നനവുള്ളതിനാൽ കാൽ വഴുതി ആഴമുള്ള കൊക്കയിലേക്ക് വീണുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്.
സംഭവം നടന്നതോടെ രക്ഷാപ്രവർത്തക സംഘവും പ്രാദേശിക പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം കെതനെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് ലോഹഗഡ് കോട്ടയിൽ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് പാറകൾ നനഞ്ഞ് വഴുക്കുന്ന സാഹചര്യത്തിൽ ട്രെക്കിംഗിന് പോകുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചിച്ചുവരികയാണ്.













































