തിരുവനന്തപുരം: സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നർക്കും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും കൈത്താങ്ങായി ‘വൺ കേരള കരുതൽ മിഷൻ’ എന്ന പേരിൽ സാങ്കേതികവിദ്യ അധിഷ്ഠിതമായ പുതിയ പ്ലാറ്റ്‌ഫോമിന് രൂപം നൽകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്കായി ഒരു കോടി രൂപവകയിരുത്തി.
ഈ പദ്ധതിയിലൂടെ സാമ്പത്തിക പരാധീനത മൂലം ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് നേരിട്ട് സഹായം എത്തിക്കുകയാണ് ലക്ഷ്യം. സർക്കാർ ഇതര സംഘടനകൾ, സി.എസ്.ആർ (CSR) ഫണ്ടുകൾ, സന്നദ്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ സുതാര്യമായ രീതിയിൽ അർഹരിലേക്ക് എത്തിക്കുക എന്നതായിരിക്കും ഈ മിഷന്റെ പ്രവർത്തന തത്വം. പദ്ധതികൊണ്ടുദ്ദേശിക്കുന്നത്, ലഭിക്കുന്ന സംഭാവനകളിൽ ഓരോ രൂപയും ഗുണഭോക്താക്കളിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കും
സംഭാവന നൽകുന്നവരിൽ വിശ്വാസം വളർത്തിയെടുക്കുന്നതിനായി ഡിജിറ്റൽ വെരിഫിക്കേഷൻ സംവിധാനങ്ങളും കർശനമായ ഗുണഭോക്തൃ തിരിച്ചറിയൽ പ്രോട്ടോക്കോളുകളും നടപ്പിലാക്കും.
പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ‘റിയൽടൈം പബ്ലിക് ഡിസ്‌ക്ലോഷർ’ സംവിധാനം ഏർപ്പെടുത്തും. മിഷന്റെ ഭരണപരവും പ്രവർത്തനപരവുമായ മുഴുവൻ ചെലവുകളും സർക്കാർ നേരിട്ട് വഹിക്കും. സംഭാവനയായി ലഭിക്കുന്ന തുക പൂർണമായും കാരുണ്യപ്രവർത്തനങ്ങൾക്ക് മാത്രമായി വിനിയോഗിക്കുമെന്ന് ഉറപ്പുവരുത്തും.
അതുപോലെ സിനിമാമേഖലയ്ക്കായി കൊച്ചിയെ ഫിലിം സിറ്റിയാക്കും. ചിത്രനഗരം എന്ന പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ജെ.സി ഡാനിയേലിൻറെ പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതുവഴി സിനിമ നിർമാണത്തിനു വേണ്ടി വലിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. കേരളത്തിലുള്ളവർക്കു മാത്രമല്ല, മറ്റു സ്ഥലങ്ങളിൽനിന്നും ഇവിടേക്ക് സിനിമ പ്രവർത്തകരെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജോൺസൺ മാസ്റ്ററിൻറെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കും. ഇതിനായി 50 കോടി വകയിരുത്തി.
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കും. 25 ലക്ഷം സൗജന്യ ഇൻഷ്വറൻസ് പദ്ധതി. ആരംഭ ചെലവുകൾക്ക് 10 കോടി വകയിരുത്തും.വിദേശത്തേക്കു തൊഴിൽതേടി പോകുന്ന യുവാക്കളെ സംസ്ഥാനത്തുതന്നെ നിലനിർത്താനും അവരുടെ കഴിവ് ഇവിടെ പ്രയോജനപ്പെടുത്താനുമുള്ള പദ്ധതികൾ കൊണ്ടുവരും. സംസ്ഥാനത്തിൻറെ തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രാൻഡ് കേരളം പ്രഖ്യാപിച്ചു. കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആശുപത്രികളിൽ ആരംഭിക്കും.














































