തൃശൂർ: എരുമപ്പെട്ടി വേലൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി തെക്കുംകര സ്വദേശികളായ കൃഷ്ണ ദേവ് (18), യാദവ് കൃഷ്ണ (18), ഇരട്ടക്കുളങ്ങര സ്വദേശി വിഷ്ണു പി. നായർ (20) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്.
ജൂൺ 16-ന് ഉച്ചയോടെയാണ് വേലൂർ ചിറ്റാരം സ്വദേശിയായ ജിജുവിന്റെ വീട്ടിൽ സംഭവം നടന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന ജിജുവിനെ പ്രതികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത് പണം ആവശ്യപ്പെട്ടതായാണ് പരാതി.
കൈവശം പണമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മൊബൈൽ ഫോൺ ലോക്ക് തുറപ്പിച്ച് ഗൂഗിൾ പേ വഴി 5,000 രൂപ കൈമാറിപ്പിക്കുകയും, മേശപ്പുറത്തുണ്ടായിരുന്ന 2,500 രൂപയും കഴുത്തിൽ ധരിച്ചിരുന്ന ഒരു പവൻ സ്വർണമാലയും കൈവശപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
സംഭവം പുറത്തുപറയാതിരിക്കാൻ ഗൃഹനാഥനെ വിവസ്ത്രനാക്കി ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
















































