കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ നേരിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും, കേട്ടുകേൾവിയെ ആശ്രയിച്ചുള്ളതാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അൻസിബയുടെ പരാതി ‘ഹിയർസേ’ -കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നും നിലവിലെ സാഹചര്യത്തിൽ അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിയമപരമായി സാധ്യമല്ലെന്നുമാണ് പൊലീസ് നിലപാട്. ഇതുസംബന്ധിച്ച റിപ്പോർട്ട് കടവന്ത്ര പൊലീസ് ഉടൻ സെൻട്രൽ എസിപിക്ക് കൈമാറും.
പരാതിയുമായി ബന്ധപ്പെട്ട് അൻസിബ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതോടെ വിഷയത്തിൽ തുടർനടപടികൾ എന്താകുമെന്നതിലാണ് ശ്രദ്ധ.
അതേസമയം, താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം ചേരാൻ ഒരു ദിവസം മാത്രം ശേഷിക്കെ വാർഷിക റിപ്പോർട്ട് അംഗങ്ങൾക്ക് ഇതുവരെ കൈമാറിയിട്ടില്ലെന്ന വിമർശനം ഉയരുന്നുണ്ട്. സംഘടനയുടെ ബൈലോ പ്രകാരം ജനറൽ ബോഡിക്ക് 21 ദിവസം മുൻപ് റിപ്പോർട്ട് അംഗങ്ങൾക്ക് നൽകണമെന്നാണ് വ്യവസ്ഥ.
വരവ്-ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട അവ്യക്തതകളാണ് റിപ്പോർട്ട് വൈകാൻ കാരണമെന്നാണ് സൂചന. ഇന്ന് തന്നെ റിപ്പോർട്ട് അംഗങ്ങൾക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി സംഘടനയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം രാവിലെ ചേരും.














































