പാരിസ്: ആഗോളതലത്തിൽ പല പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ വിശ്വസ്ത പങ്കാളിയായി ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര ബന്ധങ്ങളിൽ വ്യാപാരത്തോളം പ്രാധാന്യം ഇപ്പോൾ വിശ്വാസത്തിനും കൈവന്നിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഫ്രാൻസ് തലസ്ഥാനമായ പാരിസിലെ പ്രശസ്തമായ സാൽ പ്ലെയൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ-
ഇന്ത്യ -ഫ്രാൻസ് പങ്കാളിത്തം ഇന്ന് ആഗോള സുസ്ഥിരതയുടെയും സഹകരണത്തിന്റെയും ശക്തമായ തൂണായി മാറി. ഇന്ത്യ ഇപ്പോൾ ബഹുതല പരിവർത്തനത്തിന്റെ സുപ്രധാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വരും ദശകങ്ങളിലെ രാജ്യത്തിന്റെ വികസനവും അവസരങ്ങളും നിർണയിക്കുന്ന വൈവിധ്യമാർന്ന മേഖലകളിലാണ് രാജ്യം നിക്ഷേപം നടത്തുന്നത്. ഇന്ത്യയുടെ മുന്നേറ്റം കേവലം ഒരു സാമ്പത്തിക വളർച്ചയിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് ജനങ്ങളെ ശാക്തീകരിക്കുന്ന വലിയൊരു സാമൂഹിക മാറ്റം കൂടിയാണത്. ഈ കഴിഞ്ഞ 12 വർഷത്തെ എന്റെ ഭരണകാലയളവിൽ 25 കോടി ജനങ്ങളെയാണ് ഇന്ത്യ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. രാജ്യത്തെ യുവജനങ്ങളും കർഷകരും സ്ത്രീകളും പുതിയ സ്വപ്നങ്ങളുമായാണ് ഇന്ന് മുന്നോട്ട് പോകുന്നത്- മോദി പറഞ്ഞു
അതുപോലെ തുടർച്ചയായി 12 വർഷം രാജ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമാണ്. ഒരു ചായവിൽപ്പനക്കാരനെ ഈ പദവിയിലെത്തിച്ചത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കരുത്താണ്. ആഗോള ഭരണം എല്ലാവരെയും ഉൾക്കൊള്ളുന്നതാകുമ്പോൾ മാത്രമേ ഫലപ്രദമാകൂ. സാമ്പത്തിക വളർച്ചയുടെ ഗുണങ്ങൾ എല്ലാവരിലും പങ്കുവയ്ക്കപ്പെടുമ്പോഴാണ് അത് സുസ്ഥിരമാകുന്നത്. സാങ്കേതികവിദ്യ വിശ്വസനീയമാകുമ്പോൾ മാത്രമേ അത് മനുഷ്യരാശിക്ക് പ്രയോജനപ്പെടുകയുള്ളൂ എന്ന സന്ദേശമാണ് ഇന്ത്യ ജി 7 ഉച്ചകോടിയിൽ നൽകിയത്. ആഗോള പരിസ്ഥിതി വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും ഫ്രാൻസും സംയുക്തമായി വികസിപ്പിക്കുന്ന ‘തൃഷ്ണ’ ഉപഗ്രഹം അടുത്ത വർഷം വിക്ഷേപിക്കും. ലോകത്തിലെ ജല-ഭക്ഷണ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.















































