ടെഹ്റാൻ: അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ വന്നിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായി തുറന്നിട്ടില്ല. നിലവിലും ഭൂരിഭാഗം കപ്പലുകളും ഒമാൻ തീരപാത വഴിയാണ് സഞ്ചരിക്കുന്നത്. അതേസമയം, ഇറാനെതിരായ നാവിക ഉപരോധം നീക്കിയതായി അമേരിക്ക അറിയിച്ചു.
ഇറാനുമേലുള്ള നാവിക ഉപരോധം ഔദ്യോഗികമായി പിൻവലിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. മേഖലയിലെ പ്രത്യേക നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് പൊതുവായ സമുദ്ര പ്രവർത്തന മേഖലയിലേക്ക് മാറിയതായും അമേരിക്ക വ്യക്തമാക്കി.
നിലവിൽ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം കഴിഞ്ഞ ദിവസങ്ങളിലെ നിലയിൽ തന്നെയാണെന്ന് യുകെ മാരിടൈം റിപ്പോർട്ടിൽ പറയുന്നു. സമാധാന കരാർ നിലവിൽ വന്നതിന് ശേഷവും കപ്പൽ ഗതാഗതത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. മിക്ക ചരക്കുകപ്പലുകളും ഇപ്പോഴും ഒമാൻ തീരപാതയാണ് ആശ്രയിക്കുന്നത്. ഇറാൻ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കിത്തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം, കഴിഞ്ഞ ഒരു മാസത്തെ ശരാശരിയേക്കാൾ കൂടുതൽ കപ്പലുകൾ ഇന്ന് ഹോർമൂസ് വഴി കടന്നുപോകുന്നുണ്ടെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത 30 ദിവസത്തിനുള്ളിൽ ഹോർമൂസ് കടലിടുക്കിലെ ഗതാഗതം പൂർണമായും സാധാരണ നിലയിലാകുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ ഹോർമൂസ് മേഖലയിലെ അപകടസാധ്യതാ മുന്നറിയിപ്പ് യുകെ മാരിടൈം ഏജൻസി കുറച്ചിട്ടുണ്ട്. ‘ക്രിട്ടിക്കൽ’ വിഭാഗത്തിൽ നിന്നാണ് ‘സബ്സ്റ്റാൻഷ്യൽ’ വിഭാഗത്തിലേക്ക് ഭീഷണി തോത് താഴ്ത്തിയത്. അമേരിക്ക നാവിക ഉപരോധം പിൻവലിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.






