കോട്ടയം: സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിക്ക് എബോള രോഗബാധയെന്ന് സംശയം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയെ എബോള രോഗസാധ്യത കണക്കിലെടുത്ത് പ്രത്യേക നിരീക്ഷണത്തിലാക്കി. പനിയെ തുടർന്നാണ് പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഇവരെത്തിയത്. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമാണ് കോട്ടയം മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇവർ.
സൗത്ത് സുഡാനിൽ നിന്ന് എത്തിയ വ്യക്തിയായതിനാലും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാലുമാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രത്യേക നിരീക്ഷണത്തിലാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും എബോളയെന്ന സംശയം മാത്രമാണ് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
സ്ഥിതി വിലയിരുത്തുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായി പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പരിശോധനാഫലങ്ങൾ ലഭിച്ച ശേഷമേ രോഗബാധ സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
















































