പാരിസ്: ഇറാനുമായി അമേരിക്ക സമാധാനക്കരാർ ഒപ്പുവെച്ചതോടെ ഇസ്രയേലിന്റെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഇല്ലാതായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിലെ ഏവിയൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കരാറിൽ ഒപ്പിടുന്നതിന് മുൻപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ സംസാരിച്ചിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി. “ബിബി, ആലോചിച്ചു നോക്കൂ. നിങ്ങൾ ചോദിച്ചുകൊണ്ടിരുന്ന പ്രധാനപ്പെട്ട കാര്യം മികച്ചരീതിയിൽ നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു” എന്ന് താൻ നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആണവാക്രമണത്തിൽനിന്ന് ഇസ്രയേലിനെ സംരക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഈ കരാർ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി ഇറാന്റെ ആക്രമണ ഭീഷണിയായിരുന്നുവെന്നും പുതിയ കരാറിലൂടെ ആ ആശങ്കകൾക്ക് വലിയ തോതിൽ പരിഹാരമായതായും ട്രംപ് അഭിപ്രായപ്പെട്ടു. “ഈ കരാറിലൂടെ അത് ഇല്ലാതായതിൽ ഇസ്രയേൽ അതീവ സന്തുഷ്ടരാണ്. അമേരിക്കയും ഞാനുമില്ലെങ്കിൽ ഇസ്രയേൽ ഉണ്ടാകില്ലായിരുന്നു” എന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു അമേരിക്കൻ പ്രസിഡന്റും ചെയ്യാത്ത കാര്യങ്ങളാണ് താൻ ഇസ്രയേലിനായി ചെയ്തതെന്നും ട്രംപ് അവകാശപ്പെട്ടു.
കരാർ പ്രകാരം, ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവ് കുറയ്ക്കാൻ ബാധ്യതയുണ്ട്. പകരമായി ഇറാനെതിരായ ചില ഉപരോധങ്ങൾ പിൻവലിക്കുമെന്ന് അമേരിക്ക ഉറപ്പുനൽകിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയുടെ ഭാവി സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി 60 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലെബനന്റെ ഭൗമപരമായ അഖണ്ഡത ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. “ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ലെബനനിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ല” എന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശം തുടരുമെന്നും അമേരിക്ക–ഇറാൻ കരാറിന്റെ ഭാഗമായി സൈനിക പിന്മാറ്റം ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















































