കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനിടെ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാനുൾപ്പെടെയുള്ള നേതാക്കളെ തെരുവിലൂടെ നടത്തിച്ച് ബംഗാൾ പോലീസ്. പാർട്ടിക്കും ജഹാംഗീറിനും ഏറെ സ്വാധീനമുള്ള മണ്ഡലമായ ഫാൽത്തയിലെ റോഡിലൂടെയാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വിലങ്ങണിയിച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ച് അരയിലൂടെ കയർ കെട്ടിയ നിലയിൽ നടത്തിച്ചത്. ചില വൈറൽ ദൃശ്യങ്ങളിൽ പ്രതികളെ ചെവിപിടിച്ച് കുത്തിയിരുത്തി പൊതുവേദിയിൽ മാപ്പ് പറയിക്കുന്നതും കാണാം.
9 ദിവസം മുമ്പ് അറസ്റ്റ് ചെയ്ത ഖാനെ അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ ഫാൽറ്റയിൽ മൂന്ന് തവണ പോലീസ് പൊതുജനങ്ങൾക്കുമുന്നിൽ നടത്തിച്ചുവെന്നാണ് ആരോപണം. ഇതിനെതിരെ ഖാന്റെ ഭാര്യയുടെ നേതൃത്വത്തിൽ അനുയായികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും, പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ഇതിനിടെ, ഖാൻ മാത്രമല്ല, സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതോടെ മറ്റ് ചില ടിഎംസി നേതാക്കളെയും അവരുടെ അനുയായികളെയും ഇത്തരത്തിൽ പൊതുവേദിയിൽ നടത്തിച്ച ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ആകാശ് സിങ്, അഭിജിത് റോയ്, ജഹാംഗീർ ഖാൻ, ഗുദ്ദു അൻസാരി, ഷമിം അഹമ്മദ്, ഷാഹിൻ മൊല്ല എന്നിവരെയാണ് പോലീസ് തെരുവിലൂടെ നടത്തിയത്.
സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നതോടെ കൽക്കട്ട ഹൈക്കോടതി ബെഞ്ച് ഇടപെട്ടു. ഇത്തരത്തിൽ പൊതുവേദിയിൽ നടത്തിച്ച സംഭവത്തെ കോടതി ഗൗരവത്തോടെ കാണുകയും സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു. നിയമപരമായി അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്യുന്നതിൽ പ്രശ്നമില്ലെങ്കിലും, ഒരാളെയും ഉദ്ദേശപൂർവ്വം അപമാനിക്കുകയോ പൊതുവേദിയിൽ നാണംകെടുത്തുകയോ ചെയ്യാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പോലീസ് ഭാഗത്ത് നിന്ന് ഇത് അന്വേഷണത്തിന്റെ ഭാഗമായ ക്രൈം സീൻ പുനർനിർമ്മാണമാണെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, മനുഷ്യാവകാശങ്ങളും നിയമപരിധികളും തമ്മിലുള്ള അതീവ സൂക്ഷ്മമായ രേഖയിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സമ്മതിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവത്തിൽ അതിരൂക്ഷമായ പ്രതികരണവുമായി തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പോലീസിനെതിരേ നിയനടപടിക്ക് ഒരുങ്ങുകയാണെന്ന് ടിഎംസി നേതാവ് കല്ല്യാൺ ബാനർജി പ്രതികരിച്ചു. ആർട്ടിക്കിൾ 21-ന്റെയും മനുഷ്യാവകാശങ്ങളുടേയും ലംഘനമാണുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇതാണ് രാമരാജ്യം എന്നാണ് ബിജെപി ഹൗറ ഉത്തർ എംഎൽഎ ഉമേഷ് റായി പറഞ്ഞത്. അറസ്റ്റിലായ ആകാശ് സിങ് ഇതേ തെരുവിലൂടെ നൂറുകണക്കിന് അനുയായികൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച് ആളുകളെ ഭയപ്പെടുത്തിയ കാലമുണ്ടായിരുന്നു. ഇന്ന് അതേ ആകാശ് സിങ് അരയിൽ കയറും കൈയിൽ വിലങ്ങും കെട്ടി അതേ തെരുവിലൂടെ നടക്കുകയാണ്. യഥാർഥ രാമരാജ്യം ഇങ്ങനെയാണെന്നും അദ്ദേഹം പ്രതികരിച്ചു.















































