കൊല്ലം: വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട് മുടങ്ങാൻ കാരണമായ വസ്ത്രവ്യാപാര സ്ഥാപനത്തിന് ഉപഭോക്തൃ കോടതിയുടെ കനത്ത തിരിച്ചടി. ഉപഭോക്താവിന്റെ നിർദേശപ്രകാരം ഗൗണിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കൃത്യസമയത്ത് കൈമാറാതിരുന്നതിന് ആലപ്പുഴയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിനും അതിന്റെ മാനേജിങ് ഡയറക്ടർക്കുമെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരം വിധിച്ചു.
കൊല്ലം പള്ളിത്തോട്ടം സ്വദേശിനി ജെന്നിഫർ ഷാ നൽകിയ പരാതിയിലാണ് നടപടി. വിവാഹത്തിന് മുന്നോടിയായി നടത്താനിരുന്ന പ്രത്യേക ഫോട്ടോഷൂട്ടിനായി യുവതി സ്ഥാപനത്തിൽ നിന്ന് ഗൗൺ വാങ്ങുകയും അതിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ആവശ്യപ്പെട്ട രീതിയിൽ മാറ്റങ്ങൾ വരുത്തി നിശ്ചിത സമയത്ത് വസ്ത്രം കൈമാറാൻ സ്ഥാപനം തയ്യാറായില്ലെന്നാണ് പരാതി.
ഇതിനെ തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച ഫോട്ടോഷൂട്ട് പൂർണമായും മുടങ്ങിയതോടെ യുവതി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. കേസ് പരിശോധിച്ച കമ്മീഷൻ സ്ഥാപനത്തിന്റെ ഭാഗത്ത് സേവന വീഴ്ച ഉണ്ടായതായി കണ്ടെത്തി.
വിധിപ്രകാരം ഗൗണിനായി നൽകിയ 23,350 രൂപ യുവതിക്ക് തിരികെ നൽകണം. കൂടാതെ ഫോട്ടോഷൂട്ട് മുടങ്ങിയതിലൂടെ ഉണ്ടായ മാനസിക ബുദ്ധിമുട്ടിനും നഷ്ടത്തിനും പരിഹാരമായി 25,000 രൂപയും, കേസ് നടത്തിപ്പിനായുള്ള ചെലവിലേക്ക് 10,000 രൂപയും നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
പരാതിക്കാരിക്ക് വേണ്ടി അഡ്വ. എം.എസ്. അജിത് കുമാർ ഹാജരായി. ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്ത സേവനം കൃത്യമായി നൽകേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഓർമ്മിപ്പിക്കുന്ന വിധിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

















































