കൊല്ലം: വാഹനത്തെ പരിഹസിച്ചെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥികളായ രണ്ട് കുട്ടികളെ സ്കൂൾ പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. കൊല്ലം കുഴുമതിക്കാട് സ്കൂളിലെ വിദ്യാർഥികൾക്കാണ് ആക്രമണമേറ്റത്. സംഭവത്തിൽ എഴുകോൺ പോച്ചക്കോണം സ്വദേശി വരുണിനെ (19) പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂൾ വിട്ട് പുറത്തിറങ്ങിയതിന് പിന്നാലെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ട്രാവലർ മിനി ബസിലുണ്ടായിരുന്ന ചിലർ കുട്ടികളെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി. യാത്രയ്ക്കിടെ ഇരുവരെയും ക്രൂരമായി മർദിച്ച ശേഷം കുഴുമതിക്കാട് പമ്പിന് സമീപത്ത് ഇറക്കിവിട്ട് പ്രതികൾ കടന്നുകളഞ്ഞതായും വിദ്യാർഥികൾ പോലീസിനോട് മൊഴി നൽകി.
കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളെ പിടികൂടിയത്. ചീരങ്കാവ് ‘കിലുക്കം ട്രാവൽ ഹബ്’ എന്ന സ്ഥാപനത്തിന്റെ ട്രാവലർ മിനി ബസിനെ കളിയാക്കിയെന്നാരോപിച്ചാണ് ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
സംഭവസമയത്ത് ബസിൽ എട്ട് പേർ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
‘സതീശന്റെ പാർട്ടിയേതാ? ബിജെപിക്കാരനാണോ?‘ വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ പി. രാജീവ്



















































