കൊച്ചി: നടൻ സലിം കുമാർ (56 )അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. നില വഷളായതിനെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ നടത്തിയിരുന്നത്. ശനിയാഴ്ച രാത്രി 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. അദ്ദേഹത്തിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തിയിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.
















































