കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ–സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിച്ച പശ്ചാത്തലത്തിലാണ് നടപടി.
വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശനിയാഴ്ച ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിക്കുകയായിരുന്നു. മതപഠനക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്ൽ സ്‌കൂളുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
കനത്ത മഴയെ തുടർന്ന് പലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ലാ കലക്ടർ എം.എസ് .മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ളവയ്ക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.
അതേസമയം നാളെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട്- എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

















































