കോട്ടയം: തന്റെ പേര് മന്ത്രിസ്ഥാനത്തിലേക്ക് വലിച്ചിഴച്ച് തന്നെ ഒരു പാർട്ടി വിരുദ്ധനാക്കി മാറ്റരുതെന്ന് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. കഴിഞ്ഞ നാല് ദിവസമായി താൻ അനുഭവിക്കുന്ന മാനസിക വിഷമങ്ങളുടെ പരമാവതിയിലാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ചു.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി പുതുപ്പള്ളിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രി സ്‌ഥാനത്തേക്ക് പേര് വലിച്ചിഴച്ച് അപമാനിച്ചത് മാധ്യമങ്ങളാണ്, 26 വർഷമായി കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും യാതൊരുവിധ സ്ഥാനമാനങ്ങളും വഹിക്കാതെയാണ് പാർട്ടിയെ സേവിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാർട്ടിക്കെതിരായി പ്രവർത്തിക്കുന്നതിനെക്കുറിച്ച് ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. സ്വന്തം പിതാവിനെ കൊല്ലാൻ ശ്രമിച്ച മകനാണെന്ന തരത്തിലുള്ള ക്രൂരമായ ആക്ഷേപങ്ങൾ വരെ തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും, ഇനി അങ്ങനെയുള്ള കേൾവികൾക്ക് ഇടവരുത്തരുതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാനം ലഭിക്കാത്തതിന് കാരണം കോൺഗ്രസിലെ പ്രബലരായ മൂന്ന് നേതാക്കൾ കൈ ഒഴിഞ്ഞതുകൊണ്ടാണോ എന്ന ചോദ്യത്തിന്, താൻ ജീവിതത്തിന്റെ തുടക്കം മുതൽ ഇന്നുവരെ ഒരു ഗ്രൂപ്പിലും പങ്കെടുത്തിട്ടില്ലാത്ത കോൺഗ്രസുകാരനാണെന്ന് അദ്ദേഹം മറുപടി നൽകി.


















































