തിരുവനന്തപുരം: നവകേരള മാർച്ചിനിടെയുണ്ടായ ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്ന എഡിജിപി എം.ആർ. അജിത്കുമാറിൻറെ ആവശ്യം തള്ളി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ.
അന്നു ആസംഭവം നടക്കുന്ന കാലയളവിൽ താൻ ചൂരൽമലയിലെ രക്ഷാപ്രവർത്തന ചുമതലയിലായിരുന്നുവെന്നും യാത്രാരേഖകൾ ഉൾപ്പെടെ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് അജിത്ത് കുമാർ ഡിജിപിയോടു വിശദീകരിച്ചത്. എന്നാൽ കൂടുതൽ സമയം നൽകാനാകില്ലെന്ന് ഡിജിപി വ്യക്തമാക്കി.
എസ്ഐടി തലവൻ എസ്പി ഷൗക്കത്തലി എം.ആർ. അജിത്കുമാറിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച റിപ്പോർട്ട് ഡിജിപി ഉടൻ ആഭ്യന്തര സെക്രട്ടറിക്കു സമർപ്പിക്കും. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് അജിത്കുമാറിൽ നിന്നു വിശദീകരണം തേടിയത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരേ ഗൺമാനും പോലീസുകാരും ക്രൂരമായി മർദിച്ച കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിച്ചത് അജിത്കുമാറിൻറെ നേതൃത്വത്തിലായിരുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് തുടരന്വേഷണം നടത്തിയ എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം ഈ മാസം മുപ്പതിന് ഫയർഫോഴ്സ് മേധാവി സ്ഥാനത്തുനിന്നു നിതിൻ അഗർവാൾ വിരമിക്കുമ്പോൾ ഡിജിപി റാങ്കിൽ സീനിയോറിറ്റി പ്രകാരം അജിത്കുമാറിനാണ് അവസരം ലഭിക്കുന്നത്. അജിത്കുമാറിനെതിരേ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചാൽ അവസരം നഷ്ടമായേക്കും. കൂടാതെ അജിത്കുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് യൂത്ത് കോൺഗ്രസിൻറേയും നിലപാട്.


















































