ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും റെക്കോഡ് തകർച്ച. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 96.90 നിലവാരത്തിലേക്ക് താഴ്ന്നു. അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക അനിശ്ചിതത്വം ശക്തമായതും ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതുമാണ് രൂപയെ സമ്മർദത്തിലാക്കുന്നത്. ഫെബ്രുവരിയിൽ ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ ഏകദേശം ആറുശതമാനം ഇടിവുണ്ടായെന്നാണ് കണക്കുകൾ.
രൂപയുടെ ഇടിവിനൊപ്പം രാജ്യത്തിന്റെ വ്യാപാര കമ്മിയും കുത്തനെ ഉയർന്നു. ഏപ്രിൽ മാസത്തിൽ വ്യാപാര കമ്മി 28.4 ബില്യൺ ഡോളറായി. മാർച്ചിൽ ഇത് 20.7 ബില്യൺ ഡോളറായിരുന്നു. ഇറക്കുമതിക്കുള്ള ചെലവ് വർധിക്കുകയും കയറ്റുമതി വളർച്ച മന്ദഗതിയിലാകുകയും ചെയ്തതാണ് പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ അമ്പത് ശതമാനത്തിലേറെ വർധന ഉണ്ടായതും ഇന്ത്യയുടെ ഇറക്കുമതി ബിൽ കുത്തനെ കൂട്ടി.
ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ വിദേശ നിക്ഷേപകരും ഇന്ത്യൻ വിപണിയിൽനിന്ന് പിന്മാറുകയാണ്. ഫെബ്രുവരി മുതൽ ഇതുവരെ 22 ബില്യൺ ഡോളറിന്റെ ഓഹരികളും കടപ്പത്രങ്ങളും വിദേശ നിക്ഷേപകർ പിൻവലിച്ചതായാണ് കണക്ക്. ഇതും രൂപയ്ക്ക് കൂടുതൽ സമ്മർദമുണ്ടാക്കി.
സ്ഥിതിഗതികൾ വിലയിരുത്താൻ ധനമന്ത്രാലയവും വാണിജ്യമന്ത്രാലയവും അടുത്തയാഴ്ച ഉന്നതതല യോഗം ചേരും. ഇറക്കുമതി നിയന്ത്രണം ശക്തമാക്കുന്നതടക്കമുള്ള നടപടികളാണ് പ്രധാനമായും പരിഗണനയിൽ. രാജ്യത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാൻ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള സാധനങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്താനും സാധ്യതയുണ്ട്.
വിതരണ ശൃംഖലയെ ബാധിക്കാത്ത രീതിയിലുള്ള നിയന്ത്രണങ്ങളായിരിക്കും കൊണ്ടുവരികയെന്നാണ് സൂചന. സ്വർണ ഇറക്കുമതി കുറയ്ക്കാൻ ഇതിനകം തന്നെ സർക്കാർ തീരുവ വർധിപ്പിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക വ്യവസായങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്.
ഇന്ത്യയിൽ നിർമ്മിക്കാനാകുന്ന ഉത്പന്നങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ഇറക്കുമതിക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ എത്തുന്ന ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയെന്നതും സർക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
രൂപയുടെ മൂല്യത്തകർച്ചയും ഉയരുന്ന ഇറക്കുമതി ചെലവും രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്ക് വെല്ലുവിളിയായ സാഹചര്യത്തിൽ കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ള ഇടപെടലുകൾക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഉത്പാദന മേഖലയെ ബാധിക്കാതെ ഇറക്കുമതി ബിൽ കുറയ്ക്കുക എന്നതാണ് ഇപ്പോൾ സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

















































